കര്‍ണാടകയിലേക്കാണോ യാത്ര, എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും വേണം

കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കാണ് ഇത് ബാധകം

Update:2021-07-31 17:31 IST

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും പോകുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കര്‍ണാടക നിര്‍ബന്ധമാക്കി. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ഉണ്ടെങ്കില്‍ മാത്രമേ ഈ രണ്ട് സംസ്ഥാനങ്ങളിലെയും യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാനാവൂ എന്ന് സര്‍ക്കാര്‍ ശനിയാഴ്ചയാണ് അറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. കൂടാതെ, 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാഫലമായിരിക്കണമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറയുന്നു.

'നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരിഷ്‌കരിച്ച പ്രത്യേക നിരീക്ഷണ നടപടി കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ ഒപ്പിട്ട സര്‍ക്കുലറില്‍ പറയുന്നു. വിമാനം, ബസ്, ട്രെയിന്‍, പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി ഏത് മാര്‍ഗത്തിലുമെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ വരുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് മാത്രമേ എയര്‍ലൈന്‍സ് ബോര്‍ഡിംഗ് പാസുകള്‍ നല്‍കൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസം, ബിസിനസ്, മറ്റ് കാരണങ്ങള്‍ എന്നിവയ്ക്കായി കര്‍ണാടകയില്‍ ദിവസേന സന്ദര്‍ശിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സന്ദര്‍ശകര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകുകയും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും വേണം.


Tags:    

Similar News