60 കോടിക്ക് ബഹിരാകാശ യാത്ര ടിക്കറ്റ് സ്വന്തമാക്കി, യാത്ര ചെയ്യാനല്ല അധ്യാപകന് നല്‍കാന്‍

ജെഫ് ബസോസിന്റെ ബ്ലൂ ഒര്‍ജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റിലാണ് യാത്ര

Update:2022-05-10 14:17 IST

Pic Courtesy : https://www.citadel.com/

ബ്ലൂ ഒര്‍ജിന്‍ നത്തുന്ന ബഹിരാകാശ യാത്രയ്ക്കുളള ടിക്കറ്റ് ലേലത്തിലൂടെ സ്വന്തമാക്കി അമേരിക്കന്‍ ശതകോടീശ്വരന്‍ കെന്‍ ഗ്രിഫിന്‍ (Ken Griffin). ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലൂ ഒര്‍ജിന്‍ (blue origin) . 8 മില്യണ്‍ ഡോളറിന് (ഏകദേശം 60 കോടി രൂപ) ആണ് ഹെഡ്ജ് ഫണ്ട് സിറ്റാഡലിന്റെ സ്ഥാപകനായ കെന്‍ ഗ്രിഫിന്‍ ടിക്കറ്റ് സ്വന്തമാക്കിയത്.

ഗ്രിഫിന്‍ സ്വന്തമാക്കിയ ടിക്കറ്റ്, ന്യൂയോര്‍ക്ക് സിറ്റി സ്‌കൂളിലെ ഒരു അധ്യാപകനാണ് ലഭിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോബിന്‍ ഹുഡ് ഫൗണ്ടേഷനാണ് ഈ അധ്യാപകനെ തെരഞ്ഞെടുത്തത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള മറ്റൊരു അധ്യാപകന് കൂടി ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കും. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഇവരുടെ ബഹിരാകാശ യാത്ര.

തിങ്കളാഴ്ച നടന്ന ലേലത്തില്‍ ജെഫ് ബസോസ് ഉള്‍പ്പടെയുള്ളവര്‍  കാഴ്ചക്കാരായി എത്തിയിരുന്നു. ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ ബസോസ് ഫാമിലി ഫൗണ്ടേഷന്‍ 10 മില്യണ്‍ ഡോളറിന്റെ സംഭാവനയും റോബിന്‍ ഹുഡ് ഫൗണ്ടേഷന് നല്‍കും. ആകെ 120 മില്യണ്‍ ഡോളറാണ് ഇന്നലെ നടന്ന ചടങ്ങിലൂടെ സംഘടന സമാഹരിച്ചത്.

കഴിഞ്ഞ വര്‍ഷം ബ്ലൂ ഒര്‍ജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റിന്റെ ആദ്യ യാത്രയിലും ഒരു ടിക്കറ്റ് ലേലത്തിലൂടെ വിറ്റിരുന്നു. 28 മില്യണ്‍ ഡോളറിനാണ് അന്ന് ടിക്കറ്റ് വിറ്റുപോയത്. 2021 ജൂലൈ 20ന് ആയിരുന്നു ജെഫ് ബസോസ്, സഹോദരന്‍ മാര്‍ക്ക് എന്നിവരുള്‍പ്പെയുള്ള നാലംഗ സംഘത്തിന്റെ ബഹിരാകാശ യാത്ര. നിലവില്‍ ഒര്‍ബിറ്റല്‍ റീഫ് എന്ന പേരില്‍ ബഹിരാകാശത്ത് വ്യവസായ പാര്‍ക്ക് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബസോസും സംഘവും. 

Tags:    

Similar News