കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കല്‍ ദൗത്യം ഒഴിവായതിന്റെ വലിയ ആശ്വാസത്തില്‍ പൊലീസ്

Update: 2020-08-13 07:17 GMT

കോവിഡ് സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ ചുമതലകളില്‍ പൊലീസിനു കൂടി പങ്കാളിത്തം ഏല്‍പ്പിച്ചുകൊടുത്ത തീരുമാനം സര്‍ക്കാര്‍ ഒടുവില്‍ പന്‍വലിച്ചു. എസ്.പിമാര്‍ മുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വരെയുള്ളവര്‍ക്ക് പുതിയ തലവേദനയായി മാറിയ അധിക ദൗത്യമാണ് ഇതോടെ ഒഴിവായത്. ജനങ്ങള്‍ക്കും അധിക ക്‌ളേശമുണ്ടാക്കിയിരുന്നു പൊലീസിനു കൈവന്ന അമിത ചുമതലകളും അധികാരവും.

കണ്ടെയ്ന്‍മെന്റ് സോണും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണും നിശ്ചയിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുള്ളത്. പൊലീസുമായി ചര്‍ച്ച നടത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാകും ഇനി കണ്ടെയ്ന്‍മെന്റ് സോണും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണും നിശ്ചയിക്കുക.കോവിഡ് വിവര ശേഖരണവും കണ്ടെയ്ന്‍മെന്റ് മേഖല നിശ്ചയിക്കാനുള്ള അധികാരവും പൊലീസിനെ ഏല്‍പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സമ്പര്‍ക്ക ഉറവിടം കണ്ടെത്തുന്ന ജോലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കി, ഓരോ പൊലീസ് സ്റ്റേഷനിലും എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പിച്ചതാണ് പ്രതിഷേധ കാരണമായത്. എന്നാല്‍ വ്യാപനം ചെറുക്കുന്നതില്‍ 10 ദിവസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലെന്ന്് കണക്കുകള്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്ന ആരോഗ്യ, തദ്ദേശ, റവന്യു വകുപ്പുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്തു.

രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കണമെന്നതായിരുന്നു നിര്‍ദ്ദേശം.ഓരോ സ്റ്റേഷനിലും പ്രത്യേക സംഘമുണ്ടാകണമെന്ന നിബന്ധന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കു വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പേമാരി മൂലമുള്ള പ്രശ്‌നങ്ങള്‍ക്കിടെ വന്നുപെട്ട ഈ ക്‌ളേശം ചില്ലറയായിരുന്നില്ലെന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടാറുള്ള കൊച്ചി മേഖലയിലെ ഒരു സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ പറഞ്ഞു.

ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന സമ്പര്‍ക്കപ്പട്ടികയും രോഗവ്യാപനവും കണക്കിലെടുത്ത് ഏതെല്ലാം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കണമെന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. പോലീസിനെ ഒഴിവാക്കിയതോടെ കോവിഡ് വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രധാന ചുമതല ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായി. സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല മാത്രമേ മേലില്‍ പൊലീസിനുള്ളൂ. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് പ്രദേശത്തെ ജനങ്ങളെ അറിയിക്കണമെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിന്റെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കുന്നതു തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്കു കൈമാറുകയോ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. സമ്പര്‍ക്കം കണ്ടെത്താന്‍ ഇതു ഫലപ്രദമാണെന്നും മാസങ്ങളായി ഇതു തുടരുകയാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാര്‍ തയാറാക്കിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കും. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പെരുമാറ്റ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News