ടീകോമിന് നല്‍കുന്നത് നഷ്ടപരിഹാരമല്ല, ഓഹരി വില; സ്മാര്‍ട്ട് സിറ്റി നിലച്ചു പോകില്ലെന്നും മുഖ്യമന്ത്രി
ആര്‍ബിട്രേഷന്‍ ഒഴിവാക്കും; ഭാവിയില്‍ സ്വകാര്യ പങ്കാളിത്തമില്ല
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ അവസാനിപ്പിക്കുമ്പോള്‍ ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്നും ഓഹരി വില തിരിച്ചു നല്‍കുകയാണെന്നും മുഖമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓഹരി വില എന്നത് നഷ്ടപരിഹാരത്തുകയാണ് എന്ന ധാരണയിലാണ് പലരുമുള്ളത്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ 84 ശതമാനം ഓഹരിയാണ് സംസ്ഥാനം തിരികെ വാങ്ങുന്നത്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നല്‍കണമെന്നാണ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റിലെ വ്യവസ്ഥ. ഇതെല്ലാം പരിഗണിച്ചാണ് കരാറിലെ വ്യവസ്ഥ 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നല്‍കുന്നത്. പിന്മാറ്റനയം തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ ഹോള്‍ഡിംഗ്‌സിന്റെ പിന്‍മാറ്റവും കാരണം
യു.എ.ഇയിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ ഇടപെട്ട നിരവധി ചര്‍ച്ചകളുടെയും സഹകരണത്തിന്റെയും ഒരു ഉല്‍പന്നമാണ് സ്മാര്‍ട്ട് സിറ്റി കരാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുബായ് ഹോള്‍ഡിങ്ങ്‌സ് 2017 ല്‍ ദുബൈക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം സ്മാര്‍ട്ട് സിറ്റിക്ക് ഉണ്ടായത്. സ്മാര്‍ട്ട് സിറ്റിയുടെ പ്രശ്‌നങ്ങളെകുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ധന, റവന്യൂ, നിയമ, ഐ.ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്മാര്‍ട്ട് സിറ്റി ഫ്രേം വര്‍ക്ക് എഗ്രിമെന്റിലെ വ്യവസ്ഥ 7.2.1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ടീകോമുമായി ചര്‍ച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശത്തില്‍ ഊന്നല്‍ നല്‍കിയത്. അതനുസരിച്ച് കേരള സര്‍ക്കാറിനോ നോമിനിക്കോ ടീകോമിന്റെ ഓഹരികള്‍ വാങ്ങാനും കരാര്‍ ബാധ്യതകളില്‍ നിന്ന് അവരെ ഒഴിവാക്കാനും സാധിക്കും. ഇന്‍ഡിപെന്‍ഡന്റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് നല്‍കേണ്ടുന്ന ഓഹരിവില കണക്കാക്കാനാണ് തീരുമാനിച്ചത്. ഈ നടപടിക്രമങ്ങളില്‍ കൂടിയാണ് പിന്മാറ്റ കരാര്‍ തയാറാക്കുന്ന നിലയിലേക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ബിട്രേഷന്‍ വികസനത്തിന് തടസമാകും
പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ മുഖേന പരിഹാരം കാണുന്നതിനും ആര്‍ബിട്രേഷന്‍ നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ബിട്രേഷന്‍ നടപടികളും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിട്രേഷനിലേക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകുന്നത് സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് ഹാനികരമാകും. കേരളത്തിന്റെ ഐടി വികസനത്തിന് ഉതകുംവിധത്തില്‍ ഈ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുകയും ചെയ്യും.
ഭാവിയില്‍ സ്വകാര്യ പങ്കാളത്തമില്ല
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് ഭാവിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതൊക്കെ ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളുമായി സംയുക്ത സംരംഭം ഉദ്ദേശിക്കുന്നില്ല. അത്തരം ഒരു സ്വകാര്യ പങ്കാളിത്തവും ഉണ്ടാവില്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാകും തുടര്‍ന്നുള്ള വികസനം. സ്മാര്‍ട്ട് സിറ്റിക്ക് പാട്ടത്തിന് നല്‍കിയ 246 ഏക്കര്‍ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും. ഇപ്പോള്‍ തന്നെ ഇന്‍ഫോപാര്‍ക്കില്‍ 99 ശതമാനം സ്ഥലവും വിവിധ കമ്പനികള്‍ പ്രയോജനപ്പെടുത്തിവരികയാണ്. പുതിയ കമ്പനികള്‍ക്ക് കടന്നുവരാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതി തടസമായി നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്തുള്ള 246 ഏക്കര്‍ ഭൂമിയിലൂടെ കേരളത്തിന്റെ ഐ ടി വികസനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്തേക്ക് വരും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.