ഫോണ്‍ റീചാര്‍ജ് കുടുംബ ബജറ്റിനെ ശ്വാസം മുട്ടിക്കുന്നുണ്ടോ? മലയാളിയുടെ മൊബൈല്‍ ഉപയോഗ രീതി, അത് വേറെ ലെവല്‍

വീട്ടിലെ മറ്റംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ്, വൈഫൈ ബില്‍ തുടങ്ങിയവ കൂടിയാകുമ്പോള്‍ കുടുംബ ബജറ്റിലെ നല്ലൊരു ഭാഗം ഈ ഇനത്തില്‍ മാറ്റേണ്ടി വരും

Update:2024-11-01 17:40 IST
മൊബൈല്‍ റീച്ചാര്‍ജിന് വേണ്ടി ഓരോ വ്യക്തിയും ചെലവാക്കുന്ന തുകയെത്രയാണ്. ഓരോ വ്യക്തിയും ശരാശരി 350 രൂപ വ്യക്തിഗത ഇനത്തില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളുമുള്ള ഇക്കാലത്ത് റീച്ചാര്‍ജിന് വേണ്ടിയുള്ള തുക വര്‍ധിക്കുകയും ചെയ്യും. ഇതിന് പുറമെ വീട്ടിലെ മറ്റംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ്, വൈഫൈ ബില്‍ തുടങ്ങിയവ കൂടിയാകുമ്പോള്‍ കുടുംബ ബജറ്റിലെ നല്ലൊരു ഭാഗം ഈ ഇനത്തില്‍ മാറ്റേണ്ടി വരും. കേരളത്തിലെ കുടുംബങ്ങള്‍ ഫോണ്‍ റീചാര്‍ജിന് വേണ്ടി ചെലവഴിക്കുന്നത് എത്ര രൂപയാണെന്ന് മനസിലാക്കാന്‍ ധനം ഓണ്‍ലൈന്‍ അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയിലെ കണ്ടെത്തലുകള്‍.

കണക്കുകള്‍ ഇങ്ങനെ

ഫോണിനും നെറ്റിനുമായി നിങ്ങളുടെ കുടുംബം മാസം എത്ര രൂപ മുടക്കുന്നു എന്ന ചോദ്യമാണ് ധനം പോളിലൂടെ വായനക്കാരുടെ മുന്നിലെത്തിയത്. ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത 8 ശതമാനം പേര്‍ കുടുംബത്തിന്റെ റീച്ചാര്‍ജിന് വേണ്ടി ചെലവാക്കുന്നത് 100 രൂപക്കും 350 രൂപക്കും ഇടയിലുള്ള തുകയാണ്. 350 രൂപക്കും 750 രൂപക്കും ഇടയില്‍ ചെലവാക്കേണ്ടി വരുമെന്ന് സര്‍വേയില്‍ പങ്കെടുത്ത അടുത്ത 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കൂടുതല്‍ പേരും കുടുംബത്തിന്റെ റീചാര്‍ജ് ചെലവായി രേഖപ്പെടുത്തിയത് 750 രൂപക്കും 1,500 രൂപക്കും ഇടയിലുള്ള തുകയാണെന്നതും ശ്രദ്ധേയം. സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേരാണ് തങ്ങളുടെ കുടുംബത്തിന്റെ ഫോണ്‍ വിളി, ഇന്റര്‍നെറ്റ് ചെലവുകള്‍ക്കായി 1,500 രൂപയോളം ചെലവാകുമെന്ന് പ്രതികരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേര്‍ കുടുംബത്തിന് 1,500 രൂപക്ക് മുകളില്‍ ചെലവാകുമെന്നും പ്രതികരിച്ചു.

മലയാളിക്ക് ചെലവ് കൂടുതല്‍

ഓണ്‍ലൈന്‍ സര്‍വേയില്‍ ചോദിച്ച സമാന ചോദ്യവുമായാണ് ഇത്തവണ ധനം ഓണ്‍ലൈന്‍ സ്ട്രീറ്റ് ബിസ് പരിപാടിയുമായി കൊച്ചി നഗരത്തിലിറങ്ങിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുമായി ധനം ഓണ്‍ലൈന്‍ പ്രതിനിധികള്‍ സംസാരിച്ചതിന്റെ വീഡിയോ കാണാം.

Full View

സര്‍വേയില്‍ പങ്കെടുത്ത കൂടുതലാളുകളും സ്വന്തം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിന് പ്രതിമാസം 300-350 രൂപയോളം ചെലവാകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടവരാണ്. കുടുംബത്തിന്റെ ചെലവ് കൂടി കൂട്ടിയാല്‍ ഇത് ആയിരത്തോളം രൂപയാകും. പലരും നിലവിലെ ടെലികോം സേവനങ്ങളില്‍ തൃപ്തരാണെങ്കിലും ചില കാര്യങ്ങളില്‍ മാറ്റം വരണമെന്നും ആഗ്രഹിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അനുവദിച്ച ഡെയിലി ഡാറ്റ കഴിഞ്ഞ ശേഷം ആഡ് ഓണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പണം മുടക്കാറുണ്ടെന്നും ചിലര്‍ പറയുന്നു.

ദേശീയ ശരാശരി 157.45

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച് ഇന്ത്യയിലെ ഓരോ ഉപയോക്താവില്‍ നിന്നും ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന ശരാശരി വരുമാനം (Avarage revenue per user -ARPU) 157.45 രൂപയാണ്.
Tags:    

Similar News