കേരളത്തില്‍ മീന്‍വില തലകുത്തി വീഴും? ആദ്യ സൂചന ചെമ്മീനില്‍; പ്രതിസന്ധിയായി കണ്ടെയ്‌നര്‍ നിരക്ക്
പൂവാലന്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ളവയുടെ വില ഇപ്പോള്‍ 100 രൂപയില്‍ താഴെയാണ്
ഇന്ത്യയില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിക്ക് തിരിച്ചടിയായി കണ്ടെയ്‌നറുകളുടെയും കപ്പലുകളുടെയും നിരക്ക് വര്‍ധന. ഒറ്റയടിക്ക് ഇരട്ടിയിലധികം നിരക്ക് വര്‍ധിപ്പിച്ചതോടെ വിദേശ മാര്‍ക്കറ്റുകളിലേക്കുള്ള ചെമ്മീന്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളുടെ കയറ്റുമതി അവതാളത്തിലായിരിക്കുകയാണ്.
മുന്നറിയിപ്പില്ലാതെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് കയറ്റുമതിക്കാര്‍ ആരോപിക്കുന്നു. മുമ്പ് മൂന്നുലക്ഷം രൂപയായിരുന്നു ലോസ് ഏഞ്ചല്‍സിലേക്കുള്ള കപ്പല്‍ വാടക. എന്നാല്‍ ഇപ്പോഴിത് 8.5 ലക്ഷമായിട്ടാണ് വര്‍ധിപ്പിച്ചത്. യൂറോപ്പിലേക്കുള്ള കപ്പല്‍-കണ്ടെയ്‌നര്‍ നിരക്കിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. രണ്ടരലക്ഷം രൂപ ഉണ്ടായിരുന്നത് ആറരലക്ഷം രൂപയിലേക്കാണ് ഉയര്‍ത്തിയത്.
കേരളത്തിലും പ്രത്യാഘാതം
മത്സ്യക്കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ പിടിക്കുന്ന മത്സ്യത്തിന്റെ വലിയ പങ്കും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. കണ്ടെയ്‌നര്‍ വാടക പിടിവിട്ട് ഉയര്‍ന്നതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിട്ടുണ്ട്. ട്രോളിംഗ് നിരോധനക്കാലത്തും ചെമ്മീന്‍ വില ഇടിയാന്‍ കാരണവും കയറ്റുമതിയിലെ ഈ കുറവാണ്.
പൂവാലന്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ളവയുടെ വില ഇപ്പോള്‍ 100 രൂപയില്‍ താഴെയാണ്. കയറ്റുമതി തീരെ കുറഞ്ഞതോടെയാണ് ട്രോളിംഗ് കാലത്തു പോലും വില കുറഞ്ഞത്. വരും മാസങ്ങളില്‍ കയറ്റുമതി പ്രതിസന്ധി വര്‍ധിക്കുന്നതോടെ വില വീണ്ടും ഇടിയുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
തീരദേശമേഖലയ്ക്ക് നഷ്ടം, ഉപയോക്താക്കള്‍ക്ക് നേട്ടം
കയറ്റുമതി കുറയുന്നതോടെ കേരളത്തില്‍ മീന്‍വില കുറയും. മറ്റ് വിപണന സാധ്യത കുറയുന്നതിനാല്‍ കേരള മാര്‍ക്കറ്റില്‍ വിറ്റഴിക്കേണ്ട അവസ്ഥ വരുന്നതാണ് കാരണം. കയറ്റുമതി കുറഞ്ഞതോടെ ചെമ്മീന്‍ വില 100 രൂപയില്‍ താഴെയെത്തിയിരുന്നു. കൂന്തല്‍, കണവ, പാമ്പാട തുടങ്ങിയ മത്സ്യ ഇനങ്ങളും വ്യാപകമായി കയറ്റുമതി നടത്തിയിരുന്നു. കയറ്റുമതി തകരുന്നതോടെ ഈ മീനുകളുടെയെല്ലാം വില വലിയ തോതില്‍ ഇടിഞ്ഞേക്കും.
അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തിരുന്ന കൊച്ചിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മറ്റുപല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യന്‍ ചെമ്മീനിന് മുമ്പുതന്നെ അമേരിക്കന്‍ നിരോധനമുണ്ട്. ഇതിന് പിന്നാലെയാണ് കണ്ടെയ്‌നര്‍ നിരക്കിലെ വര്‍ധനയും.
യൂറോപ്യന്‍ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചെമ്മീന്‍ 41 ശതമാനം വിലകുറച്ചാണ് എടുക്കുന്നത്. ചെമ്മീന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കയറ്റുമതി കുറഞ്ഞതോടെ ഇത്തരം സ്ഥാപനങ്ങള്‍ പലതും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്.