₹1500 കോടി കൂടി കടമെടുക്കാന്‍ കേരളം, ബദല്‍ വരുമാന വഴികള്‍ തേടിയില്ലെങ്കില്‍ നില കൂടുതല്‍ പരുങ്ങലിലേക്ക്

ക്ഷേമപെന്‍ഷന്‍ വിതരണം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്ന് ഡോ.ജോസ് സെബാസ്റ്റ്യന്‍

Update:2024-06-21 15:42 IST
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ 1 ,500 കോടി രൂപ കൂടി കടമെടുക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നാണ് വിശദീകരണം. ഇതിനായുള്ള കടപ്പത്ര ലേലം ജൂണ്‍ 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ പോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ഇതോടെ ഈ വര്‍ഷത്തെ കടമെടുപ്പ് 8,000 കോടിയിലേക്ക്.
കടപ്പത്രത്തിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും. 900 കോടി രൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടത്. 2024 ജനുവരി മുതലുള്ള പെന്‍ഷന്‍ കുടിശികയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണങ്ങളിലൊന്ന് പെന്‍ഷന്‍ മുടങ്ങിയതാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കുന്നത്. ഈ മാസം 26 മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ വരെ 21,253 രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
കടമല്ല, വരുമാനം വര്‍ധിപ്പിക്കണം: ഡോ.ജോസ് സെബാസ്റ്റ്യന്‍
അതേസമയം, കേരളം കൂടുതല്‍ കടമെടുപ്പിലേക്ക് പോകാതെ ബദല്‍ ധനാഗമ മാര്‍ഗങ്ങള്‍ തേടുന്നതാണ് ഉചിതമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ.ജോസ് സെബാസ്റ്റ്യന്‍ പറഞ്ഞു. വായ്പയെ ആശ്രയിക്കുന്നത് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇതിനായി ഇനിയും നികുതി വര്‍ധിപ്പിക്കരുത്. പകരം പിരിച്ചെടുക്കാവുന്ന നികുതിയെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. നികുതി കുടിശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന് ഇളവുകളും മറ്റും പ്രഖ്യാപിക്കാവുന്നതാണ്. സര്‍ക്കാര്‍ ആസ്തികള്‍ പണയപ്പെടുത്തിയും വിഭവ സമാഹരണം നടത്താവുന്നതാണ്. 75,000 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കേരളത്തിലുണ്ടെന്നാണ് കേരള ലാന്റ് ബാങ്കിന്റെ കണക്ക്. ഇതില്‍ ഒരു ഭാഗമെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് ലീസിന് നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് സാമ്പത്തിക നിലയെ ഉത്തേജിപ്പിക്കുമെന്നും ഡോ.ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. സാധാരണ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷന്‍ വളരെ വേഗം വിപണിയിലേക്കെത്തും. അത് ക്രയവിക്രയം വേഗത്തിലാക്കും. എന്നാല്‍ ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്റെ കുടിശിക തീര്‍ത്താല്‍ ആ പണം പെട്ടെന്ന് വിപണിയിലെത്തണമെന്നില്ല. അത് പോകുന്നത് ചിലപ്പോള്‍ ബാങ്ക് നിക്ഷേപങ്ങളിലാകും. ക്ഷേമപെന്‍ഷനുകള്‍ കൊടുത്തുതീര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഒരു മൂന്ന് മാസത്തെയെങ്കിലും പെട്ടെന്ന് വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ വിപണിയില്‍ വലിയ ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കടം 4.29 ലക്ഷം കോടി

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കണക്കുപ്രകാരം 2024 വരെയുള്ള കേരളത്തിന്റെ മൊത്തം കടം 4.29 ലക്ഷം കോടി രൂപയാണ്. 2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 3,34,06,061 (3.34 കോടി) ജനസംഖ്യയുണ്ട്.അങ്ങനെ നോക്കിയാല്‍ ഓരോ മലയാളിയും ഒന്നേകാല്‍ ലക്ഷത്തോളം രൂപ കടത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2024-25 വര്‍ഷത്തില്‍ കേരളത്തിന്റെ കടം 4.57 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 2000-01ല്‍ 28,250 കോടിയുണ്ടായിരുന്ന കടബാധ്യതയാണ് രണ്ടര ദശാബ്ദത്തില്‍ നാലര ലക്ഷത്തിലേക്ക് ഉയരുന്നത്.

Tags:    

Similar News