മലയാളിയുടെ ഗള്‍ഫ് മോഹത്തിനെന്തുപറ്റി? പ്രവാസം ഉപേക്ഷിച്ച് മടങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റം
ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവ്
ഗള്‍ഫിലെ പ്രവാസം മതിയാക്കി കേരളത്തില്‍ തിരിച്ചെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേ. നാട്ടിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 2023ല്‍ 18 ലക്ഷമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങള്‍, കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ എന്നിവയാണു കാരണം. കോവിഡിനെത്തുടര്‍ന്നുണ്ടായ ജോലി നഷ്ടം, നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടങ്ങിയയും കാരണമായി.
ഇഷ്ടസ്ഥലം യു.എ.ഇ, മടങ്ങുന്നവരുടെ എണ്ണത്തിലും മുമ്പില്‍
മടങ്ങിയെത്തിയ പ്രവാസികളില്‍ 18.4 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കെത്തിയവരാണ്. വെറും 4.4 ശതമാനം പേര്‍ മാത്രമാണ് പ്രവാസത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിച്ച് നാട്ടിലേക്ക് മടങ്ങിയവരുടെ കൂട്ടത്തിലുള്ളത്. പ്രവാസം ഉപേക്ഷിച്ച് വന്നവരുടെ കണക്ക് : (കാരണവും തിരിച്ചു വന്ന ആളുകളുടെ ശതമാനവും എന്ന ക്രമത്തില്‍) കുറഞ്ഞ ശമ്പളം (13.8 ശതമാനം), മോശം തൊഴില്‍ സാഹചര്യം (7.5 ശതമാനം) അസുഖമോ അപകടമോ (11.2 ശതമാനം) കേരളത്തില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം (16.1 ശതമാനം) ഗൃഹാതുരത്വം ( 10.2 ശതമാനം) വിരമിക്കല്‍ (12.1).
ആദ്യകാലത്ത് സൗദി അറേബ്യയായിരുന്നു മലയാളി പ്രവാസികളുടെ ഇഷ്ടസ്ഥലമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് കാലമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) ആണ് പ്രവാസികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. കേരളത്തില്‍ മടങ്ങിയെത്തിയ 18 ലക്ഷം പേരില്‍ 36 ശതമാനവും യു.എ.ഇയില്‍ നിന്നാണെന്നും സര്‍വേ പറയുന്നു. പ്രവാസികളില്‍ രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. ഒമാനും ഖത്തറുമാണ് മൂന്നും നാലും സ്ഥാനത്ത്.
ഗള്‍ഫ് മടുക്കുന്നു?
വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷം കാര്യമായ വര്‍ധനയുണ്ടായിട്ടില്ല.2018ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ല്‍ 22 ലക്ഷമായി. വെറും ഒരു ലക്ഷത്തിന്റെ വര്‍ധനവ്. വിദ്യാര്‍ത്ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോര്‍ട്ട് കാണിക്കുന്നു.
അതേസമയം, ഏറ്റവും കൂടുതല്‍ മലയാളി പ്രവാസി സമൂഹം ജീവിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെയാണ്. എന്നാലും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകാനുള്ള വിമുഖത ആളുകളില്‍ കൂടുന്നുണ്ട്. 2018ല്‍ 89.2 ശതമാനം ആളുകളും ഗള്‍ഫ് രാജ്യങ്ങളില്‍ പോകാന്‍ താത്പര്യം കാണിച്ചിരുന്നെങ്കില്‍ 2023ലെത്തിയപ്പോള്‍ ഇത് 80.5 ശതമാനമായി. ജി.സി.സി അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് പോകാനുള്ള ആളുകളുടെ താത്പര്യം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ 10.8 ശതമാനമാണ് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ താത്പര്യപ്പെട്ടിരുന്നതെങ്കില്‍ 2023ല്‍ 19.5 ശതമാനമായി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ബദലായി മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായതും വിദ്യാര്‍ത്ഥി കുടിയേറ്റം വര്‍ധിച്ചതുമാണ് ആളുകളുടെ ഗള്‍ഫ് പ്രേമത്തിന് ഇടിവുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.
വേണം പ്രത്യേക ശ്രദ്ധ
കേരളത്തിലെ കുടിയേറ്റക്കാരില്‍ 76.9 ശതമാനവും തൊഴില്‍ കുടിയേറ്റക്കാരായതിനാല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്.