കേരള പോലീസ് ഇസ്രയേലിന്റെ പിന്നാലെ; ലക്ഷ്യം 'ടൂള്‍'

ഇസ്രയേല്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഈ തട്ടിപ്പുകാരെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ

Update:2024-07-02 11:42 IST

Image: Canva

കേരളത്തില്‍ നിന്ന് ക്രിപ്‌റ്റോ കറന്‍സി വഴി സാമ്പത്തിക തട്ടിപ്പുകാര്‍ പണം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പുതിയ സാങ്കേതിക വിദ്യ വാങ്ങാന്‍ കേരള പോലീസ്. ഇസ്രയേല്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ കേരള പോലീസ് കരാര്‍ വിളിച്ചു. 50 ലക്ഷം രൂപയോളം ചെലവാകുന്ന സാങ്കേതിക വിദ്യ ഇസ്രയേലില്‍ നിന്ന് ലഭിക്കുന്നതോടെ തട്ടിപ്പുകാരെ കുടുക്കാമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.
വില്ലന്‍ ക്രിപ്‌റ്റോ കറന്‍സി
കേരളത്തില്‍ നിന്ന് ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അടിച്ചെടുക്കുന്നത്. ഇത്തരത്തില്‍ തട്ടിച്ചെടുക്കുന്ന പണം നിമിഷനേരം കൊണ്ട് ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി രാജ്യത്തിന് പുറത്തേക്ക് കടത്തുകയാണ്. ഇതോടെ ഈ പണം തിരിച്ചെടുക്കാന്‍ സാധിക്കാതെ വരുന്നു.
നിരവധി കേസുകള്‍ ഈ രീതിയില്‍ പണം തട്ടിച്ചെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അതിനൂതന സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ കേരള പോലീസ് തീരുമാനിച്ചത്. 2021 മുതല്‍ 2024 വരെ സൈബര്‍ തട്ടിപ്പിലൂടെ 500 കോടിയോളം രൂപ കേരളത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.
ക്രിപ്‌റ്റോ വാലറ്റിലേക്ക് പണം മാറ്റുന്നു
തട്ടിപ്പു സംഘങ്ങള്‍ സംഘടിതമായിട്ടാണ് ഇത്തരം ഓപ്പറേഷന്‍ നടത്തുന്നത്. ഇതിനായി മലയാളികളെ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം സംഘങ്ങള്‍ സജീവമാണ്. ഈ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മലയാളികള്‍ നല്‍കിയ വിവരം പോലീസിന് ഗുണം ചെയ്തു.
കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം നേരെ ക്രിപ്‌റ്റോ വാലറ്റിലേക്ക് മാറ്റുന്നു. അവിടെ നിന്ന് മറ്റ് ക്രിപ്‌റ്റോ വാലറ്റുകളിലേക്ക് കൈമാറി പിന്നീട് വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. ഏത് അക്കൗണ്ടിലൂടെ എങ്ങോട്ടാണ് ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള കൈമാറ്റം നടന്നതെന്ന വിവരം ക്രിപ്‌റ്റോ കമ്പനികള്‍ പോലീസിന് നല്‍കുന്നില്ല. ഇതോടെ അന്വേഷണം വഴിമുട്ടുകയാണ് പതിവ്.
പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ തട്ടിപ്പിന് ഉപയോഗിച്ച ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഐ.പി അഡ്രസ്, ക്രിപ്‌റ്റോ വാലറ്റ് വിവരങ്ങള്‍ എല്ലാം ലഭിക്കും. സാമ്പത്തിക തട്ടിപ്പിന് മൂക്കുകയറിടാന്‍ പുതിയ സാങ്കേതിക വിദ്യ ലഭിക്കുന്നതോടെ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.
Tags:    

Similar News