ടെക് പ്രതിഭകളെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; ലക്ഷ്യം 100 കോഡര്‍മാര്‍

പ്രതിഭകളെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ 'ബില്‍ഡ് ഇറ്റ് ബിഗ്' പദ്ധതിയുടെ ഭാഗമാക്കും

Update: 2023-09-26 11:22 GMT

Image courtesy: kerala startup mission

ആഗോളതലത്തില്‍ മികച്ച ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പ്രാപ്തരായ പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം). ഇതിന്റെ ഭാഗമായി 'ടോപ്പ് 100 സീരീസ്' സംഘടിപ്പിക്കും. പ്രോഗ്രാമിംഗ്, ഉല്‍പന്നങ്ങളുടെ രൂപകല്‍പന, നിര്‍മ്മാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കെ.എസ്.യുഎം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

ബില്‍ഡ് ഇറ്റ് ബിഗ് പദ്ധതി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഡസ്ട്രിയല്‍ അസോസിയേറ്റായ ജിടെക്കിന്റെ ടാലന്റ് ബില്‍ഡിംഗ് പ്ലാറ്റ്‌ഫോം മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മികച്ച 100 കോഡര്‍മാരെ കണ്ടെത്തും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ചലഞ്ചിന്റെ ആദ്യ ഘട്ടത്തില്‍ പതിനായിരം മുതല്‍ ഇരുപതിനായിരം പേര്‍ വരെ പങ്കെടുക്കും. രണ്ടാം ഘട്ടത്തില്‍ 250 പേരെ ഷോര്‍ട്ട് ലിസ്റ്റ്ചെയ്യും. അന്തിമഘട്ടത്തിലേക്ക് എത്തുന്ന 150 പേരില്‍ നിന്നാണ് അവസാനത്തെ നൂറുപേരെ തിരഞ്ഞെടുക്കുക.

നവംബറില്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് 45 ദിവസത്തെ കോഡിംഗ് ചലഞ്ച് സംഘടിപ്പിക്കുന്നത്. 100 കോഡര്‍മാരെയും ചൊവ്വരയിലെ സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ പരിപാടിയില്‍ ആദരിക്കും. ഈ പ്രതിഭകളെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ 'ബില്‍ഡ് ഇറ്റ് ബിഗ്' പദ്ധതിയുടെ ഭാഗമാക്കും.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ടെക്നോളജിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് കൃത്യമായ സാങ്കേതിക പരിഹാരം കണ്ടെത്താന്‍ കഴിയാത്തത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണെന്ന് സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. ഇത് പരിഹരിക്കാന്‍ ആഗോളവിപണിയില്‍ നേട്ടമുണ്ടാക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള വിദഗ്ധരുടെ കൂട്ടയ്മയെ സൃഷ്ടിക്കേണ്ടതുണ്ടെന്നും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഈ പദ്ധതിയിലൂടെ ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിപണി ലക്ഷ്യമാക്കി സാങ്കേതിക ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിന് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ള പ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കെ.എസ്.യു.എം ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ പറഞ്ഞു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാമെന്ന് ജിടെക്ക് ടെക്നോളജി ആന്‍ഡ് അക്കാഡെമിയ ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ ദീപു എസ്. നാഥ് പറഞ്ഞു.

ഇവയെല്ലാം യുവസംരംഭകര്‍ക്കായി

രാജ്യത്തെ 20ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ഓഹരി ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, ഫണ്ടിംഗ് അവസരങ്ങള്‍ക്കായി ബന്ധപ്പെടാനും അവസരമൊരുക്കും. ഇതില്‍ മുഖ്യ സെഷനുകള്‍ക്ക് പുറമെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍, അന്താരാഷ്ട്ര എംബസികളുമായുള്ള പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും ഉണ്ടാകും. ആഗോള പ്രശസ്ത സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ധനസമാഹരണം, കമ്പോളവല്‍ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കും. വിശദാംശങ്ങള്‍ക്ക് https://huddleglobal.co.in/ എന്ന സന്ദര്‍ശിക്കാം.

Tags:    

Similar News