കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 10 ടോപ് ബിസിനസുകാര്‍

ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇക്കൂട്ടത്തില്‍ മുന്നിലുള്ളതെന്നും ശ്രദ്ധേയമാണ്

Update:2024-10-09 16:01 IST
സംസ്ഥാനത്തിനകത്തും വിദേശത്തും പടര്‍ന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകള്‍ നിരവധിയുള്ള നാടാണ് കേരളം. 

 നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ ബിസിനസ് സംരംഭങ്ങളുടെ തലപ്പത്തുള്ള പ്രൊമോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും വരുമാനത്തിലും വലിയ വര്‍ധയുണ്ടായതായി കാണാം. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ കമ്പനികളിലെ ഉദ്യോഗസ്ഥരാണ് ഇക്കൂട്ടത്തില്‍ മുന്നിലുള്ളതെന്നും ശ്രദ്ധേയമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 10 പേരെ പരിചയപ്പെടാം. 

10.സി.ജെ ജോര്‍ജ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് - 3.47 കോടി രൂപ

1987ല്‍ ആരംഭിച്ച ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസ് കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടറുമാണ് സി.ജെ ജോര്‍ജ്. മലയാളികള്‍ക്കിടയില്‍ ഓഹരി നിക്ഷേപം വ്യാപകമാക്കാന്‍ സഹായിച്ച കമ്പനിയാണ് ജിയോജിത്ത്. 2.69 കോടി രൂപ കമ്മിഷന്‍ അടക്കം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇദ്ദേഹത്തിന്റെ ആകെ പ്രതിഫലം 3.47 കോടി രൂപയായിരുന്നു.

9. സാബു എം ജേക്കബ്, കിറ്റക്‌സ് ഗാര്‍മെന്റ്‌സ് - 4.96 കോടി രൂപ

അന്ന കിറ്റക്‌സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ എം.സി ജേക്കബിന്റെ മകനായ സാബു എം ജേക്കബ് നിലവില്‍ കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 2006ലാണ് ഇദ്ദേഹം കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ ചുമതല ഏറ്റെടുക്കുന്നത്. ട്വന്റി-20 എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലും സജീവമാണ് സാബു എം ജേക്കബ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 4.96 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.

8.സദാഫ് സയീദ്, മുത്തൂറ്റ് മൈക്രോഫിന്‍ - 7.4 കോടി രൂപ

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ മുത്തൂറ്റ് മൈക്രോഫിന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) ആണ് നിലവില്‍ സദാഫ് സയീദ്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സെക്ടറില്‍ 24 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള സദാഫ് 2015ലാണ് കമ്പനിയുടെ സി.ഇ.ഒയായി ചുമതലയേറ്റെടുക്കുന്നത്. ഓഹരി വിപണിയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഉള്‍പ്പെടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ച നേടാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞിരുന്നു. കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.4 കോടി രൂപ സയീദിന് വേതനമായി ലഭിച്ചു.

7.മിഥുന്‍ കെ.ചിറ്റിലപ്പള്ളി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് -7.7 കോടി രൂപ

കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ഇളയ മകനായ മിഥുന്‍ കെ.ചിറ്റിലപ്പള്ളി 2006ലാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ ചേരുന്നത്. 2012ല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളമായി 2.82 കോടി രൂപയും കമ്മിഷനായി 4.47 കോടി രൂപയും മിഥുന് ലഭിച്ചു. കമ്പനിയുടെ മൊത്തലാഭത്തിന്റെ 1.5 ശതമാനമാണിത്. എന്നാല്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നയാളല്ല മിഥുന്‍. ഇക്കാര്യം താഴെ.

5. കല്യാണ്‍ ജുവലേഴ്‌സ് കുടുംബം - 12.12 കോടി രൂപ വീതം

കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍, മക്കളായ ടി.കെ സീതാരാമന്‍, ടി.കെ രമേശ് എന്നിവര്‍ക്ക് 12.12 കോടി രൂപ വീതമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്. കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ മൂവരുടെയും ശമ്പളം ഇത്തവണ ഇരട്ടിയായി. മികച്ച വരുമാനവും വളര്‍ച്ചയും നേടിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കാനായത്.

4. രാമചന്ദ്രന്‍ വെങ്കട്ടരാമന്‍ - വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് -19.12 കോടി രൂപ

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മുഴുവന്‍ സമയ ഡയറക്ടറും ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍ 2012ല്‍ ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജി എന്ന ചുമതലയിലാണ് കമ്പനിയിലെത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി. ഇക്വിറ്റി ഒപ്ഷനിലൂടെ ലഭിച്ച 15.37 കോടി രൂപയടക്കം 19.12 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.

3.വി.പി നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് - 20.69 കോടി രൂപ

ഒന്നില്‍ നിന്നും ആഗോള തലത്തില്‍ 5,000 ശാഖകളിലേക്ക് മണപ്പുറം ഫിനാന്‍സിനെ വളര്‍ത്തിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമാണ് വി.പി നന്ദകുമാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നന്ദകുമാറിന്റെ ആകെ പ്രതിഫലം 20.69 കോടി രൂപയാണെന്നാണ് കണക്കുകള്‍.

2. മുത്തൂറ്റ് ഫിനാന്‍സ് കുടുംബം - 24.5 കോടി രൂപ

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോര്‍ജ് തോമസ് മുത്തൂറ്റ്, അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 24.5 കോടി രൂപ വീതമാണ് പ്രതിഫലമായി ലഭിച്ചത്. ജോര്‍ജ് ജേക്കബ്, ജോര്‍ജ് അലക്‌സാണ്ടര്‍, ജോര്‍ജ് തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. മുത്തൂറ്റ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ മകനാണ് അലക്‌സാണ്ടര്‍ ജോര്‍ജ്. കുടുംബ തീരുമാന പ്രകാരമാണ് ഇവര്‍ തുല്യ വേതനം കൈപ്പറ്റുന്നത്.

1. തോമസ് ജോണ്‍, തോമസ് മുത്തൂറ്റ് , മുത്തൂറ്റ് ഫിന്‍കോര്‍പ്പ് - 37.50 കോടി രൂപ വീതം

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാനേജിംഗ് ഡയറക്ടറായ തോമസ് ജോണ്‍ മുത്തൂറ്റും ജോയിന്റ് മാനേജിംഗ് ഡയറക്ടറായ തോമസ് മുത്തൂറ്റും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 37.50 കോടി രൂപ വീതമാണ് പ്രതിഫലമായി കൈപ്പറ്റിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയവും ഇവരാണ്. കമ്പനിയുടെ ലാഭവിഹിതം (Dividend) കൂട്ടാതെയുള്ള തുകയാണിതെന്ന് പ്രത്യേകം ഓര്‍ക്കണം.

കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ വനിതാ സംരംഭകര്‍

കേരളത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തില്‍ ആദ്യസ്ഥാനക്കാര്‍ പുരുഷന്മാരാണെങ്കിലും വനിതകളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. പട്ടികയില്‍ 20-ാം സ്ഥാനത്തുള്ള, മണപ്പുറം ഫിനാന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ), ബിന്ദു എ.എല്‍ ആണ് കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിത. 1.68 കോടി രൂപയാണ് ബിന്ദു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വന്തമാക്കിയത്. 1.63 കോടി രൂപയുടെ പ്രതിഫലം കൈപ്പറ്റിയ ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, 1.55 കോടി രൂപ ലഭിച്ച മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്‍ എന്നിവരും തൊട്ടുപിന്നിലുണ്ട്.
കുറിപ്പ്: ഇത് പൂര്‍ണമായ പട്ടികയല്ല. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ, ഈ പട്ടികയിലുള്ള വ്യക്തികള്‍, അവര്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നതോ ഓഹരിയുള്ളതോ ആയ മറ്റ് കമ്പനികളിലൂടെ കൂടുതല്‍ സമ്പാദിച്ചേക്കാം, അത് ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Tags:    

Similar News