ബ്രിട്ടനില്‍ ഏറ്റവും കൂടുതൽ പ്രൊഫഷണലുകളുളള വിഭാഗം ഇന്ത്യക്കാർ, ഏറ്റവും കൂടുതല്‍ വീടുകള്‍ ഉളളതും ഇന്ത്യക്കാര്‍ക്ക്

ബ്രിട്ടീഷ് ഇന്ത്യക്കാർ നിർണായകമായ വോട്ടർ വിഭാഗമാകാൻ സാധ്യത

Update:2024-10-16 13:46 IST

Image Courtesy: Canva

ബ്രിട്ടനിലെ ഏറ്റവും വലിയ ഏഷ്യൻ വംശീയ വിഭാഗമാണ് ഇന്ത്യൻ കമ്മ്യൂണിറ്റി. യു.കെയിൽ ഏറ്റവും കൂടുതൽ പ്രൊഫഷണൽ തൊഴിലാളികളുള്ള വംശീയ വിഭാഗം ഇന്ത്യക്കാരാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.കെ യിലെ വിവിധ വംശീയ വിഭാഗങ്ങളുടെ ജനസംഖ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സമഗ്ര പരിശോധന നടത്തുന്ന പോളിസി എക്‌സ്‌ചേഞ്ച് പ്രസിദ്ധീകരിച്ച 'എ പോർട്രെയ്‌റ്റ് ഓഫ് മോഡേൺ ബ്രിട്ടൻ' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യക്കാര്‍ ബിസിനസ് ചിന്താഗതിയുള്ളവര്‍

ബ്രിട്ടീഷ് ഇന്ത്യക്കാർക്കാണ് രാജ്യത്ത് ഏറ്റവും ഉയർന്ന ഭവന ഉടമസ്ഥാവകാശം ഉളളത്. പൂർണ്ണമായ ഉടമസ്ഥതയിലുള്ളതോ പങ്കിട്ട ഉടമസ്ഥതയിലുളളതോ ആയ ഭവനങ്ങളിലാണ് 71 ശതമാനം ആളുകളും താമസിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യക്കാർ "കൂടുതൽ നിർണായകമായ വോട്ടർ വിഭാഗം" ആകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഭിലാഷവും ആസ്തിയും ബിസിനസ് ചിന്താഗതിയുള്ളതുമാണ് ബ്രിട്ടീഷ് ഇന്ത്യൻ കുടുംബങ്ങള്‍.
മെച്ചപ്പെട്ട യാത്രാ സംവിധാനങ്ങള്‍, നൂതന ഡിജിറ്റൽ ആശയവിനിമയം തുടങ്ങിയവ മൂലം കുടിയേറ്റക്കാര്‍ അവരുടെ മാതൃരാജ്യങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോർട്ട് കണ്ടെത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിദ്ധീകരിച്ച ഹിന്ദു, സിഖ് പ്രകടനപത്രികകളെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വർഗീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

പ്രഥമ പരിഗണന ബ്രിട്ടന്

പാകിസ്ഥാനി-ബംഗ്ലാദേശി വിഭാഗമാണ് ബ്രിട്ടനില്‍ ഏറ്റവും കുറവ് പ്രൊഫഷണലുകള്‍ ഉളള സമൂഹം. ബ്രിട്ടനിലെ ഇന്ത്യക്കാർ, പാക്കിസ്ഥാനികൾ, ബംഗ്ലാദേശികൾ എന്നിവർ തമ്മിലുള്ള ശ്രദ്ധേയമായ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളെ മറയ്ക്കാൻ 'ദക്ഷിണേഷ്യൻ' വിഭാഗങ്ങൾ എന്ന് ഇവരെ പൊതുവായി വിളിക്കുന്നത് സഹായിക്കുന്നു. എന്നാല്‍ ഈ വലിയ വിഭാഗത്തിലെ വൈവിധ്യത്തിന്റെ യഥാർത്ഥ വസ്തുതകള്‍ ഇതുമൂലം ചിലപ്പോഴൊക്കെ തിരിച്ചറിയപ്പെടാതെ പോകുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു. .
രാജ്യത്തെ എല്ലാ വംശീയ ന്യൂനപക്ഷങ്ങളും ബ്രിട്ടീഷുകാരായതിൽ അഭിമാനം കൊളളുന്നവരാണ്. യു.എസ്, ജർമ്മനി, ഫ്രാൻസ് എന്നിവയേക്കാൾ ബ്രിട്ടനില്‍ താമസിക്കാനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടൻ ശരിയുടെ പക്ഷത്താണ് നില്‍ക്കുന്നത്. യു.കെ യുടെ നേട്ടങ്ങൾ ആഘോഷിക്കാൻ രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. ബ്രിട്ടന്റെ ചരിത്രത്തിൽ അഭിമാനിക്കാൻ പഠിപ്പിക്കാന്‍ തങ്ങളുടെ കുട്ടികളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
Tags:    

Similar News