'പെറ്റി'യടിച്ച് കേരളം രണ്ടാം സ്ഥാനത്ത്; ഗതാഗത നിയമ ലംഘന പിഴത്തുകയില്‍ പക്ഷേ, പിന്നില്‍

ട്രാഫിക്ക് ചെലാനുകളുടെ പേരിലുള്ള തട്ടിപ്പുകളും രാജ്യത്ത് വ്യാപകമാകുന്നു

Update:2024-10-29 12:53 IST

Image Courtesy: Canva

രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തുന്നതില്‍ കേരളം രണ്ടാമതെന്ന് റിപ്പോര്‍ട്ട്. ട്രാഫിക്ക് ക്യാമറകളിലൂടെയും മൊബൈല്‍ ക്യാമറയിലൂടെയും പിഴ ചുമത്താന്‍ കഴിയുന്ന ഇ-ചെലാന്‍ സംവിധാനം 2020ല്‍ നിലവില്‍ വന്ന ശേഷം കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 92.81 ലക്ഷം കേസുകളാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് എടുത്തത്. ഇതില്‍ മോട്ടോര്‍ വാഹന വകുപ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്ത സംസ്ഥാനവും കേരളമാണ്. ആകെയുള്ള കേസുകളില്‍ 52.53 ലക്ഷവും എം.വി.ഡി വകയാണ്. ബാക്കി 40.27 ലക്ഷം കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നതെന്നും പരിവാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നു. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിള്‍ മോട്ടോര്‍ വാഹന വകുപ്പിനേക്കാള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും കണക്കുകള്‍ പറയുന്നു.
1.06 കോടി കേസുകളുമായി ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ മുന്നില്‍. 91.06 ലക്ഷം കേസുകളെടുത്ത തമിഴ്‌നാട് തൊട്ടുപിന്നിലുണ്ട്. കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന് പിറകില്‍ മൂന്നാമതായിരുന്നു കേരളം (1.11 കോടി കേസുകള്‍).

വരുമാനത്തില്‍ കേരളം പിന്നില്‍

ഗതാഗത ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ മുന്നിലുണ്ടെങ്കിലും വരുമാന വരവില്‍ കേരളം രാജ്യത്ത് ആറാമതാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2024 ജനുവരി ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കണക്കനുസരിച്ച് കേരളത്തിന് പിഴയിനത്തില്‍ ലഭിച്ചത് 165.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 330 കോടി രൂപയുടെ പിഴ ചുമത്തിയ കേരളം രാജ്യത്ത് നാലാമതായിരുന്നു. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പിഴ വരുമാനമുണ്ടാക്കിയ സംസ്ഥാനം ഉത്തര്‍പ്രദേശാണ് 329.9 കോടി രൂപയാണ് ഇക്കൊല്ലം യു.പിയുടെ വരുമാനം. 258.8 കോടി രൂപ ലഭിച്ച മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 255.5 കോടി രൂപ കിട്ടിയ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

ഇ-ചെല്ലാന്റെ പേരില്‍ തട്ടിപ്പും

ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടുവെന്ന പേരില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയും ലിങ്കുകളിലൂടെയും പണം തട്ടുന്ന സംഘങ്ങളും രാജ്യത്ത് സജീവമാണ്. ഇത്തരം സംഘങ്ങള്‍ അയച്ചു നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ പരിവാഹന്റേതെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കായിരിക്കും എത്തുക. വ്യാജ മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും ഇത്തരത്തില്‍ വരാറുണ്ട്. ഇവയില്‍ കയറിയാല്‍ ഉപയോക്താവ് അപകടം തിരിച്ചറിയുന്നതിന് മുമ്പുതന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ലോഗിന്‍, ആധാര്‍ തുടങ്ങിയ വ്യക്തി വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടിലെ പണവും തട്ടിപ്പുസംഘം കൈക്കലാക്കും. അടുത്തിടെ വിയറ്റ്‌നാമീസ് ഹാക്കിംഗ് സംഘം നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ നാലായിരത്തിലധികം മൊബൈല്‍ ഡിവൈസുകള്‍ ബാധിക്കപ്പെടുകയും ഏതാണ്ട് 16 ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമല്ലെന്ന് കാണുന്ന ലിങ്കുകള്‍ തുറക്കരുതെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Tags:    

Similar News