ബീച്ച് മാലിന്യത്തില്‍ ഒന്നാമത് കേരളം

Update: 2019-11-21 08:30 GMT

കേരളത്തിലെ ബീച്ചുകളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ നിറയുന്നതിലുള്ള അസ്വാസ്ഥ്യം പ്രകടമാക്കി നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്. രാജ്യത്തുടനീളം നടത്തിയ കടല്‍ത്തീര ശുചീകരണത്തിന്റെ എന്‍.സി.സി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളമാണ് ബീച്ച് മാലിന്യത്തില്‍ ഒന്നാം സ്ഥാനത്ത്.

സെപ്റ്റംബറില്‍ നടത്തിയ തീരദേശ ശുചീകരണ പ്രവര്‍ത്തനത്തിനിടെ രണ്ട് മണിക്കൂറിനുള്ളില്‍ കേരളത്തിലെ അഞ്ച് ബീച്ചുകളില്‍ നിന്ന് 9,519 കിലോഗ്രാം മാലിന്യങ്ങള്‍ ശേഖരിച്ചു. ഇതില്‍ പകുതി പ്ലാസ്റ്റിക്ക് തന്നെ. കേരളത്തിനു പിന്നിലാണ് തമിഴ്‌നാടും മഹാരാഷ്ട്രയും. ചെന്നൈ മറീന ബീച്ചും എലിയറ്റ് ബീച്ചും മാലിന്യക്കൂമ്പാരത്തില്‍ മോശമല്ല. രാജ്യത്തെ 34 ബീച്ചുകളില്‍നിന്നായി 35 ടണ്‍ മാലിന്യമാണ് എന്‍.സി.സി.ആര്‍ നീക്കം ചെയ്തത്.

ലക്ഷക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഗോവയിലെ ബീച്ചുകളില്‍ കൃത്യമായ ശുചീകരണം നടത്തുന്നുണ്ട്.മഹാരാഷ്ട്രയിലെ മൂന്നു ബീച്ചില്‍നിന്ന് 5930 കിലോയും ഒഡിഷയിലെ നാലു ബീച്ചില്‍നിന്ന് 478.2 കിലോയും മാലിന്യം ശേഖരിച്ചു. കടലോരത്ത് മാലിന്യം ഏറ്റവും കുറവുള്ള ഇടം ഒഡിഷയാണ്. കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നാണ് കേരളത്തില്‍ കൂടുതല്‍ മാലിന്യം ശേഖരിച്ചത്, 8004 കിലോ.കഴക്കൂട്ടം, പെരുന്തുറ ബീച്ചുകളിലെ മാലിന്യത്തില്‍ 60 ശതമാനത്തിലധികം മദ്യക്കുപ്പികളാണ്.

ബീച്ചുകളിലെ മലിനീകരണത്തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും സമുദ്രവും കടല്‍ത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എന്‍.സി.സി.ആര്‍. ഡയറക്ടര്‍ എം.വി. രമണ പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത വിനോദസഞ്ചാരമാണ് ബീച്ച് മാലിന്യത്തിന്റെ ഹേതുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News