യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍
15-29 വിഭാഗത്തിലെ വനിതകളിലും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന തലത്തിലാണ്
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാംസ്ഥാനത്ത്. 15-29 പ്രായക്കാര്‍ക്കിടയിലെ നിരക്ക് അതിഭീകരമായ അവസ്ഥയിലാണെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ അടിവരയിടുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനമാണ്.
ഇക്കാലയളവില്‍ ദേശീയ ശരാശരി 17 ശതമാനമാണ്. ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളം അപകടനിലയ്ക്കു മുകളിലാണെന്നത് ആശങ്കയേറ്റുന്ന കണക്കാണ്. ദേശീയ തലത്തില്‍ തൊട്ടുമുമ്പത്തെ സമാനപാദത്തേക്കാള്‍ 0.3 ശതമാനം നിരക്ക് കുറഞ്ഞുവെന്നത് ആശ്വാസം പകരുന്നത്. എന്നാല്‍ ഒക്ടോബര്‍ നവംബര്‍ പാദത്തിലെ 16.5 ശതമാനത്തേക്കാള്‍ കൂടിയെന്നത് നേരിയ ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്.
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ മടിക്കുന്നതാണ് തൊഴിലില്ലായ്മ നിരക്ക് കൂടാന്‍ കാരണമെന്ന് സാമ്പത്തികവിദഗ്ധ മേരി ജോര്‍ജ് ധനംഓണ്‍ലൈനോട് പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ യുവാക്കളുടെ മനോഭാവവും വ്യത്യസ്തമാണ്. എല്ലാ ജോലിയും ചെയ്യാന്‍ മടിക്കുന്നൊരു സമൂഹമാണ് കേരളത്തിലേത്. മറ്റ് സംസ്ഥാനങ്ങളില്‍ പക്ഷേ ഇത്തരമൊരു പ്രശ്‌നമില്ലെന്നും മേരി ജോര്‍ജ് പറയുന്നു.
ഏറ്റവും കുറവ് ഡല്‍ഹിയില്‍
പുരുഷന്മാരുടെ വിഭാഗത്തില്‍ കേരളത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് ജമ്മു കാശ്മീരാണ്, 28.2 ശതമാനം. എന്നാല്‍ ഇവിടെ തൊഴിലില്ലായ്മ നിരക്കില്‍ ഓരോ പാദത്തിലും കുറവുണ്ടാകുന്നുവെന്നത് ശ്രദ്ധേയമാണ്. തെലങ്കാന (26.1), രാജസ്ഥാന്‍ (24), ഒഡീഷ (23.3) എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക് കൂടിയ സംസ്ഥാനങ്ങള്‍.
ഡല്‍ഹിയിലാണ് തൊഴിലില്ലാത്തവരുടെ എണ്ണം തീരെ കുറവ്. 3.1 ശതമാനം മാത്രമാണ് രാജ്യതലസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ഗുജറാത്ത് (9 ശതമാനം), ഹരിയാന (9), കര്‍ണാടക (11.5), മധ്യപ്രദേശ് (12.1) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
വനിതകളിലും കേരളം ഉയര്‍ന്ന നിലയില്‍
15-29 വിഭാഗത്തിലെ വനിതകളിലും കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന തലത്തിലാണ്. 46.6 ശതമാനവുമായി പട്ടികയില്‍ രണ്ടാംസ്ഥാനം. 48.6 ശതമാനവുമായി ജമ്മുകാശ്മീര്‍ ആണ് ഒന്നാമത്. ജമ്മു കാശ്മീരില്‍ വനിതകളിലെ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ രീതിയില്‍ കുറയുന്നുണ്ട്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 51.4 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
ഡല്‍ഹിയാണ് വനിതാവിഭാഗത്തിലും മികച്ച പ്രകടനം നടത്തുന്നത്. 5.7 ശതമാനമാണ് ഇവിടുത്തെ തൊഴില്ലായ്മ നിരക്ക്. ഗുജറാത്ത് (10.9), മധ്യപ്രദേശ് (13.5), ഹരിയാന (13.9), കര്‍ണാടക (15) എന്നിങ്ങനെയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലെ അവസ്ഥ. ദേശീയ തലത്തില്‍ വനിതകളില്‍ തൊഴിലില്ലായ്മ തോത് നാമമാത്രമായി കൂടിയിട്ടുണ്ട്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 22.5 ശതമാനമായിരുന്നത് 22.7 ശതമാനമായിട്ടാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേപാദത്തിലെ 22.9 ശതമാനത്തില്‍ നിന്ന് ചെറിയ ആശ്വാസവുമുണ്ട്.
പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ ഒരാള്‍ തൊഴിലില്ലാത്തയാളായി പരിഗണിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. കറന്റ് വീക്കിലി സ്റ്റാറ്റസ് (സി.ഡബ്ല്യു.എസ്) അടിസ്ഥാനമാക്കിയാണ് തൊഴിലില്ലായ്മയെ നിര്‍വചിക്കുന്നത്. തൊഴിലെടുക്കാന്‍ സന്നദ്ധനായ ഒരാള്‍ക്ക് ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ഈ വിഭാഗത്തില്‍ പെടുത്തും.