ബംഗളുരുവിനടുത്ത് ഹെല്‍ത്ത് സിറ്റി നിര്‍മ്മാണം തുടങ്ങുന്നു; ലക്ഷ്യമിടുന്നത് 40,000 കോടി നിക്ഷേപം, ഒരു ലക്ഷം തൊഴിലവസരങ്ങള്‍

കര്‍ണ്ണാടകയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യം

Update:2024-09-23 11:24 IST

Image: Canva

ബംഗളുരു നഗരത്തിനടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്‍കിട ആരോഗ്യ ഗവേഷണ പദ്ധതിയായ കെ.എച്ച്.ഐ.ആര്‍ സിറ്റിയുടെ (നോളജ് ഹെല്‍ത്ത് ഇന്നൊവേഷന്‍ റിസര്‍ച്ച് സിറ്റി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 26 ന് തുടങ്ങും. കെംപഗൗഢ വിമാനത്താവളത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ദോഡാബല്ലപുരക്കും ദോബാസ്‌പേട്ടിനും ഇടയിലായി നിര്‍മ്മിക്കുന്ന 2,000 ഏക്കറിലുള്ള ബൃഹത്തായ പദ്ധതി കഴിഞ്ഞ നവംബറിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതിയൂടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ 26 ന് ബംഗളുരുവിലെ വിധാന്‍സൗധയില്‍ നിര്‍വ്വഹിക്കുമെന്ന് കര്‍ണ്ണാടക വ്യവസായ വകുപ്പുമന്ത്രി എം.ബി പാട്ടീല്‍ അറിയിച്ചു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആദ്യഘട്ടത്തില്‍ 500 ഏക്കറിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തുടങ്ങുന്നത്.

പ്രതീക്ഷിക്കുന്നത് 40,000 കോടി നിക്ഷേപം

സിംഗപ്പൂരിലെ ബയോപോളിസ്, അമേരിക്കയിലെ റിസര്‍ച്ച് ട്രയാംഗിള്‍ പാര്‍ക്ക് എന്നിവയുടെ മാതൃകയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യന്‍, വിദേശ കമ്പനികളില്‍ നിന്നായി പ്രതീക്ഷിക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപമാണ്. നേരിട്ടും അല്ലാതെയും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ബംഗളുരിവിലെ ഇലക്ട്രോണിക് സിറ്റിയെ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ബംഗളുരു നഗരത്തിനടുത്തായി വിവിധ ഘട്ടങ്ങളിലൂടെ 60 കിലോമീറ്ററിലുള്ള വികസനമാണ് ഇതുവഴി നടപ്പാക്കുക. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും പൊതു-സ്വകാര്യ നിക്ഷേപങ്ങള്‍ക്കും അനുകൂലമായ സാഹചര്യങ്ങളാണ് ഇവിടെ ഒരുക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബഹുമുഖ വികസന പദ്ധതി

ആരോഗ്യ മേഖലയില്‍ ബഹുമുഖ വികസന പദ്ധതിയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. വന്‍കിട ഹോസ്പിറ്റലുകള്‍, ഇടത്തരം ക്ലിനിക്കുകള്‍, ഡയഗനോസ്റ്റിക്‌സ് സെന്ററുകള്‍ എന്നിവയിലൂടെ ചികില്‍സാ സൗകര്യങ്ങള്‍ ഒരുങ്ങും. ആരോഗ്യമേഖലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കുള്ള മികവിന്റെ കേന്ദ്രമായും സിറ്റി പ്രവര്‍ത്തിക്കും. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാകും. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതാകും പദ്ധതി. വിദേശ സര്‍വ്വകലാശാലകള്‍, റിസര്‍ച്ച് സെന്ററുകള്‍ എന്നിവയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും വിഭാവനം ചെയ്യുന്നുണ്ട്. വിദേശ നിക്ഷേപത്തോടൊപ്പം വിദേശ രാജ്യങ്ങളിലെ മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളെ ഇന്ത്യയില്‍ എത്തിക്കാനും ഉപകരിക്കും. ആരോഗ്യ മേഖലയില്‍ കര്‍ണ്ണാടകയെ ഇന്ത്യയിലെ പ്രമുഖ ഹബ്ബാക്കി മാറ്റാനാണ് സംസ്‌ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Tags:    

Similar News