Kitex Effect: കൈക്കൂലി സംഭവത്തിൽ സർക്കാരിന്റെ അതിവേഗ നടപടി!
യുവസ൦രഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സ൦ഭവത്തിൽ സർക്കാർ അതിവേഗത്തിലാണ് കഴിഞ്ഞ ദിവസം നടപടി എടുത്തത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് വാടകക്ക് താമസിക്കുന്ന ജനൻസൻ എന്ന യുവ സംരംഭകനോട് കാൽ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സംഭവവുമായി ബന്ധപ്പെട്ട അന്ന്വേഷണ റിപ്പോർട്ട് ലഭിച്ച് 24മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
കോഴിക്കോട് രാമനാട്ടുകര നഗരസഭ സൂപ്രണ്ടായി ഇപ്പോൾ ജോലി ചെയ്യുന്ന സുജിത്ത് കുമാറാണ് സസ്‌പെൻഷനിൽ ആയത്.
യുവ സംരംഭകനോട് കൈകൂലി ചോദിക്കുന്ന ദ്യശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ നഗര കാര്യ ഡയറക്ടറോട്
അന്വേഷിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സസ്പെൻഷൻ.
2019 ൽ അണ് സുജിത് കുമാറിന്റെ സസ്പെൻഷന് അടിസ്ഥാനമായ സംഭവം നടന്നത്.
അന്ന് ഇദ്ദേഹം തിരുവനന്തപുരം കോർപ്പറേഷനിലെ കുളത്തൂർ യൂണിറ്റിൽ റവന്യൂ ഇൻസ്‌പെക്ടർ ആയിരുന്നു.
കുളത്തൂരിന് സമീപം ബേക്കറി യൂണിറ്റ് ആര൦ഭിക്കാ൯ വേണ്ടിയുള്ള നടപടി ക്രമങ്ങൾക്കായി കോർപ്പറേഷന്റെ കുളത്തൂർ യൂണിറ്റിൽ സമീപിച്ചപ്പോൾ ആണ് യുവ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം ഉണ്ടായത്. കോർപറേഷൻ നടപടി ക്രമങ്ങൾക്കായി കാൽലക്ഷ൦ രൂപ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസ൦ യുവ സംരംഭകൻ പുറത്തു വിടുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥൻ കോർപ്പറേഷനിലെ മറ്റു ഉദ്യോഗസ്ഥർക്കു൦ ഇതിൻെറ വിഹിത൦ നൽകണമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
സംഭവത്തെ ക്കുറിച്ച് ജനൻസൻ പറയുന്നത് ഇങ്ങനെ.
ബേക്കറി യൂണിറ്റ് തുടങ്ങുന്നതിനായി 14000രൂപ വാടക കൊടുത്ത് കഴക്കൂട്ടം കുളത്തൂരിൽ വീടെടുത്ത താൻ വീടിന്റെ കോമേഴ്‌ഷ്യൽ ടിസി കിട്ടുന്നതിന് വേണ്ടിയാണു കോർപറേഷനെ സമീപിച്ചത്.ഇതിനിടയിൽ 12ലക്ഷത്തോളം രൂപ മുടക്കി ബേക്കറിയുമായി ബന്ധപ്പെട്ട അടുപ്പും മറ്റ് ഉപകരണങ്ങളും വാങ്ങി.
കോമേഴ്‌ഷ്യൽ ടിസി വാങ്ങാൻ എത്തിയെങ്കിലും തനിക്കും ബന്ധപ്പെട്ട ഉദ്യഗസ്ഥർക്കുമായി 25000രൂപ കൈക്കൂലിയായി റവന്യൂ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.പണം തന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ലൈസൻസ് റെഡി ആകും എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.എന്നാൽ അന്ന് പണം കൊടുക്കാൻ ഇല്ലാത്തതിനാൽ ജില്ലാ വ്യവസായ വകുപ്പിനെ സമീപിച്ചു.മൂന്നു വർഷം വരെ കോമേഴ്‌സിയൽ ടിസി ഇല്ലാതെ വ്യവസായം നടത്താനായിട്ടുള്ള അനുമതി പത്രം വാങ്ങി. ഇത് കോര്പ്പറേഷനിൽ സമർപ്പിച്ചെങ്കിലും കോർപ്പറേഷൻ ജീവനക്കാർ നിരസിച്ചു.ഇതോടെ തന്റെ ബേക്കറി സ്വപ്നം പൊലിയുകയായിരുന്നുവെന്ന് ജനൻസൻ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരും കിറ്റക്സും തമ്മിലുണ്ടായ പ്രശ്നങ്ങൾ കണ്ടപ്പോഴാണ് തനിക്കുണ്ടായ അനുഭവവും നേരത്തെ എടുത്ത് വച്ച വീഡിയോ യിലൂടെ പുറത്തു പറയാൻ തയ്യാറായത്. തന്റെ പ്രവർത്തനം കൊണ്ട് ഒരു സംരംഭകനെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞത് തന്നെയും പ്രചോദിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണ൦ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി മുക്ത വികസിത കേരളമെന്ന സർക്കാരിൻെറ പ്രഖ്യാപിത നിലാപാടിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ൪ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർ,വ്യവസായ വകുപ്പ് അധികൃതർ, ഡി വൈ എഫ് ഐ നേതാക്കൾ തുടങ്ങിയവരൊക്കെ ഇന്നലെ യുവാവിനെ നേരിട്ട് കണ്ട് ബേക്കറി വീണ്ടും തുടങ്ങാൻ പിന്തുണ അറിയിച്ചു.
വ്യവസായങ്ങളെ കേരളത്തിൽ നിന്നു൦ സർക്കാർ ആട്ടി പായിക്കുന്നു എന്ന പ്രചാരണത്തിന് പ്രതിരോധം തീർക്കുന്നതിനിടയിലാണ് യുവസ൦രഭകനോട് കൈകൂലി ആവിശ്യപെടുന്ന ദ്യശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.