ബിനാലെ കലാസൃഷ്ടികളുടെ ലേലം ഇന്ന് വൈകീട്ട്

Update: 2019-01-18 04:46 GMT

നവ കേരളത്തിന്റെ പുനർനിർമാണത്തിന് പണം സ്വരൂപിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരുടെ സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന കലാസൃഷ്ടികളുടെ ലേലം ഇന്ന് വൈകീട്ട് ആറു മണിക്ക് ആരംഭിക്കും.

കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചാണ് ആർട്ട് റൈസസ് ഫോർ കേരള (ആർക്) ലേലം നടക്കുക. മുംബൈയിലെ സാഫ്രൺ ആർട്ട് ലേലക്കമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷൻ ലേലം സംഘടിപ്പിക്കുന്നത്.

ലേലത്തിലൂടെ ലഭിക്കുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക‌് നൽകും. 41 കലാകാരന്മാരുടെ പെയ്ന്റിങുകൾ, ശില്പങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവയാണ് ലേലത്തിന് വെക്കുക.

അമൃത ഷെർഗിൽ, അനീഷ് കപൂർ, എ രാമചന്ദ്രൻ, ഗുലാം മുഹമ്മദ് ഷേഖ്, അഞ്ജു, അതുൽ ദോഡിയ, ദയാനിത സിങ‌്, മനീഷ പരീഖ്, മാധവി പരീഖ‌്, മനു പരീഖ്, വേലു വിശ്വനാഥൻ, മധുസൂദനൻ, ശിൽപ്പ ഗുപ്ത, മിഥു സെൻ, അന്താരാഷ്ട്ര കലാകാരന്മാരായ ഫ്രാൻസ്കോ ക്ലെമെന്റ‌്, റോബെർട്ട് മോണ്ട്ഗോമറി തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിലുണ്ട്.

വിശദവിവരങ്ങൾക്ക്: www.kochimuzirisbiennale.org

Similar News