കൊച്ചി ബിനാലെയുടെ പ്രധാന വേദികള്‍ തുറക്കാന്‍ വൈകും; ഉദ്ഘാടനം ഇന്ന് വൈകിട്ട്
14 വേദികളിലായി 2023 ഏപ്രില്‍ 10 വരെയാണു ബിനാലെ നടക്കുന്നത്. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും
കനത്ത മഴയും മന്‍ദൗസ് ചുഴലിക്കാറ്റും മൂലം കൊച്ചി ബിനാലെയുടെ പ്രധാന വേദികളായ ആസ്പിന്‍ വാള്‍, ആനന്ദ് വെയര്‍ഹൗസ്, പെപ്പര്‍ ഹൗസ് എന്നിവ ഡിസംബര്‍ 23 നാണ് പൊതുജനങ്ങള്‍ക്കായി തുറക്കുകയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. ബിനാലെ വേദികളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് തീയതി മാറ്റിവച്ചത്. അതേസമയം ബിനാലെയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
'നമ്മുടെ സിരകളില്‍ ഒഴുകുന്നതു മഷിയും തീയും' എന്ന പ്രമേയത്തില്‍ 14 വേദികളിലായി 2023 ഏപ്രില്‍ 10 വരെയാണു ബിനാലെ നടക്കുന്നത്. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍സ്റ്റലേഷനുകള്‍ക്കും പെയിന്റിങ്ങുകള്‍ക്കും ശില്‍പങ്ങള്‍ക്കും സെമിനാറുകള്‍ക്കും, സിനിമാ പ്രദര്‍ശനങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ കലാസൃഷ്ടികളും ഇത്തവണ ബിനാലെയിലുണ്ട്.
സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷുബുഗി റാവുവാണ് ഈ ബിനാലെയുടെ ക്യൂറേറ്റര്‍. കബ്രാള്‍ യാര്‍ഡ്, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫേ, കാശി ടൗണ്‍ ഹൗസ്, എംഎപി വെയര്‍ ഹൗസ്, മട്ടാഞ്ചേരി അര്‍മാന്‍ ബില്‍ഡിങ്, കെവിഎന്‍ ആര്‍ക്കേഡ്, വികെഎല്‍ ബില്‍ഡിങ്, ട്രിവാന്‍ഡ്രം ബില്‍ഡിങ്, ആനന്ദ് വെയര്‍ഹൗസ്, ടികെഎം വെയര്‍ ഹൗസ്, ദര്‍ബാര്‍ ഹാള്‍ എന്നിങ്ങനെ 14 വേദികളിലാണ് ബിനാലെ നടക്കുക. ബിനാലെ ആരംഭിച്ചതിന്റെ 10ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.