എ.ഐയില്‍ ഒരുമുഴം നീട്ടിയെറിഞ്ഞ് കേരളം; എ.ഐ ഹബ്ബാകാന്‍ കൊച്ചി

എ.ഐ യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിക്കണമെന്ന ആവശ്യവും ശക്തം

Update:2024-07-11 16:23 IST
രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ആദ്യത്തെ എ.ഐ കോണ്‍ക്ലേവാണ് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിന്റെ ആദ്യ ദിനം പുതുഅറിവുകളാല്‍ സമ്പന്നമായിരുന്നു.
ഐ.ടി പാര്‍ക്കുകളും സ്റ്റാര്‍ട്ടപ്പ് വില്ലേജും ടെക്‌നോളജിയുടെ തുടക്കകാലത്ത് തന്നെ തുടങ്ങാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഊന്നിയ ബിസിനസ് സാധ്യതകളെ തുറന്നു കാട്ടുന്നതായി സെഷനുകളും പുതുമയാര്‍ന്ന സ്റ്റാളുകളും.
എ.ഐ ഹബ്ബാകാന്‍ കൊച്ചി
ഇന്‍ഫോപാര്‍ക്കിലും കളമശേരി സ്റ്റാര്‍ട്ടപ്പ് വില്ലേജിലും പ്രവര്‍ത്തിക്കുന്ന ഒരു ഡസനിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സ്റ്റാളുകള്‍ കോണ്‍ക്ലേവിന്റെ ആകര്‍ഷണ കേന്ദ്രമായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എ.ഐ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊച്ചിയില്‍ അവസരങ്ങള്‍ ഏറെയാണെന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബ് സ്വദേശിനിയായ അനന്യ സിംഗ് ധനംഓണ്‍ലൈനോട് പറഞ്ഞു.
ടെക്‌നോളജി കമ്പനികളുടെ വലിയ സാന്നിധ്യവും ബിസിനസ് അവസരങ്ങളും മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിയെ വേറിട്ടു നിര്‍ത്തുന്നുവെന്ന അഭിപ്രായമാണ് മിക്കവര്‍ക്കും. എ.ഐ കമ്പനികള്‍ക്കായി ഫണ്ടിംഗ് കണ്ടെത്താനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമായി കോണ്‍ക്ലേവിനെത്തിയവരും ഏറെയാണ്.
വേണം എ.ഐ യൂണിവേഴ്‌സിറ്റി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ അനുനിമിഷത്തിലുള്ള മാറ്റങ്ങളും പുതിയ പ്രവണതകളും ഒരു ചട്ടക്കൂട്ടിലേക്ക് ഒതുക്കുന്ന എ.ഐ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന അഭിപ്രായക്കാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തവരിലേറെയും. ഇത്തരത്തിലൊരു യൂണിവേഴ്‌സിറ്റിയുടെ സാധ്യതകള്‍ പരിശോധിക്കുമെന്ന സൂചനകള്‍ കഴിഞ്ഞദിവസം മന്ത്രി പി. രാജീവും നല്‍കിയിരുന്നു.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഐ.ടി മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ സംഭാവന എ.ഐയില്‍ നിന്നുള്ളതാകുമെന്ന പ്രതീക്ഷ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കുവച്ചു. വെള്ളിയാഴ്ചയാണ് എ.ഐ കോണ്‍ക്ലേവ് അവസാനിക്കുന്നത്.

Similar News