കൊച്ചി വാട്ടര്‍ മെട്രോ ഇനി ഈ അഞ്ച് റൂട്ടുകളിലേക്കും

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിന്ന് പുത്തൻ ബോട്ടുകൾ വൈകാതെ ലഭിക്കും

Update:2024-04-25 12:49 IST

ഒന്നാം വാര്‍ഷികത്തിലെത്തി നില്‍ക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ അഞ്ച് പുതിയ റൂട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 9 ബോട്ടുകളുമായി രണ്ട് റൂട്ടില്‍ സര്‍വീസ് ആരംഭിച്ചുകൊണ്ടായിരുന്നു കൊച്ചി മെട്രോയുടെ തുടക്കം. ഒരു വര്‍ഷത്തിനിപ്പുറം കാക്കനാട് വൈറ്റില റൂട്ടിലും ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, ഫോര്‍ട്ടുകൊച്ചി ടെര്‍മിനലുകളിലേക്കും വാട്ടര്‍ മെട്രോ സര്‍വീസുണ്ട്.

ഉടന്‍ ഈ റൂട്ടുകളിലേക്കും

അടുത്തിടെ തുറന്ന ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ട് ഉള്‍പ്പെടെ 7 റൂട്ടുകളിലാണ് നിലവില്‍ സര്‍വീസുകള്‍ നടത്തുന്നത്. വൈകാതെ കുമ്പളം, പാലിയംതുരുത്ത്, വില്ലിംഗ്ടണ്‍ ദ്വീപ്, കടമക്കുടി, മട്ടാഞ്ചേരി എന്നീ 5 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് ആരംഭിക്കും. ഈ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ മൊത്തം 13 ബോട്ടുകളുണ്ട്, 5 ബോട്ടുകള്‍ കൂടി കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിന്ന് ലഭിക്കുന്നതോടെ സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ പുത്തന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19.72 ലക്ഷം പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. 20 മുതല്‍ 40 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിവിധ യാത്രാ പാസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പാസുകള്‍ ഉപയോഗിച്ച് സ്ഥിരം യാത്രക്കാര്‍ക്കു 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിക്കാം.

വാട്ടര്‍ മെട്രോ സര്‍വീസുകള്‍ കൊച്ചിയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കും ദ്വീപ് നിവാസികളുടെ ദൈനംദിന യാത്ര സുഗമമാക്കുന്നതിനും ട്രാഫിക് ബ്ലോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഓഴിവാക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനുമെല്ലാം ഏറെ ഉപകാരപ്രദമാണ്. വൈകാതെ തന്നെ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന ഫീഡര്‍ സര്‍വീസുകളായി ഇലക്ട്രിക് ബസുകളും ഇ-ഓട്ടോ റിക്ഷകളും കെ.എം.ആര്‍.എല്‍ അവതരിപ്പിക്കും.

Tags:    

Similar News