കേരളത്തില്‍ പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുന്നു, സ്ഥിരീകരിച്ച് വൈദ്യുതി മന്ത്രി
സ്മാർട്ട് മീറ്റര്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് തന്നെ മീറ്റർ റീഡിങ് ചെയ്യാന്‍ സാധിക്കും
സംസ്ഥാനത്ത് പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച നിര്‍ദേശം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചു കഴിഞ്ഞു.
വലിയൊരു വിഭാഗം ഉപയോക്താക്കളും പ്രതിമാസ വൈദ്യുതി ബിൽ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിച്ചാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ആദ്യഘട്ടത്തില്‍ വൻകിട ഉപയോക്താക്കള്‍ക്ക് മാത്രം
പ്രാരംഭ ഘട്ടത്തിൽ വൻകിട ഉപയോക്താക്കള്‍ക്കാണ് മാസം തോറും വൈദ്യുതി ബിൽ നല്‍കുക. ഇതു വിജയിച്ചാൽ മുഴുവന്‍ ഉപയോക്താക്കളെയും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറ്റുന്നതാണ്.
സ്മാർട്ട് മീറ്റര്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് തന്നെ മീറ്റർ റീഡിങ് ചെയ്യാന്‍ സാധിക്കുന്നതാണ്. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ട ആവശ്യം ഉണ്ടാകില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി അറിയിച്ചു.
സർചാർജ് ഈടാക്കും
അതേസമയം, വൈദ്യുതി ബില്ലിൽ ഈടാക്കുന്ന ഇന്ധന സർചാർജ് തുടരാനാണ് കെ.എസ്.ഇ.ബി തീരുമാനം. 2023 ഏപ്രിൽ മുതല്‍ സെപ്റ്റംബർ വരെയുളള കാലയളവിലെ ഇന്ധന സർചാർജ് കുടിശിക 55.24 കോടി രൂപയാണ്. ഇത് ഈടാക്കുന്നതിന് ഈ മാസം 30 വരെയുള്ള മൂന്നു മാസ കാലയളവിൽ യൂണിറ്റിന് 9 പൈസ വീതം വൈദ്യുതി ബില്ലിൽ കൂട്ടാൻ കഴിഞ്ഞ ജൂണിൽ റെഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിയെ അനുവദിച്ചിരുന്നു.
അതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കെ.എസ്.ഇ.ബി വീണ്ടും അപേക്ഷ നൽകിയത്. സർചാർജ് ഒക്ടോബറിലും തുടരണമെന്ന് അപേക്ഷയുമായാണ് കെ.എസ്.ഇ.ബി കമ്മിഷനെ സമീപിച്ചത്.
2023 ജനുവരി മുതൽ മാർച്ച് വരെ കാലയളവിൽ പുറമേ നിന്ന് വൈദ്യുതി വാങ്ങിയതു മൂലം ഉണ്ടായ 92.79 കോടി രൂപയുടെ അധിക ബാധ്യത പരിഹരിക്കാൻ യൂണിറ്റിന് 16 പൈസ വീതം ഉപയോക്താക്കളിൽനിന്നു സർചാർജ് ആയി ഈടാക്കാൻ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ തള്ളിയിരുന്നു. എന്നാല്‍ ഈ തുക കൂടി ഉൾപ്പെടുത്തി വൈദ്യുതി നിരക്ക് പരിഷ്കരണം പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് 139 ലക്ഷം വൈദ്യുതി ഉപയോക്താക്കളാണുള്ളത്. ഇതിൽ 1.46 ലക്ഷം വരുന്ന വ്യാവസായിക ഉപയോക്താക്കൾക്ക് ഇപ്പോള്‍ തന്നെ പ്രതിമാസമാണ് ബില്ല് നൽകുന്നത്.
രണ്ടുമാസം കൂടുമ്പോൾ ബിൽ ഇടുന്നതു മൂലം ഉപഭോഗം മിനിമം സ്ലാബിന് പുറത്താകുന്നുവെന്നും ഇതിലൂടെ തങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്നുമാണ് ഉപയോക്താക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു.