കറന്റ് ബില്‍ തുക വാങ്ങാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ഇനി വീട്ടിലോട്ട് വരും; 'പുത്തന്‍' പദ്ധതി മാര്‍ച്ച് മുതല്‍

ധാരണാപത്രം ഒപ്പുവച്ച് കെ.എസ്.ഇ.ബിയും കനറാ ബാങ്കും

Update: 2024-01-08 06:32 GMT

Reprensentative image from Canva and KSEB logo

വൈദ്യുതി ബില്‍ വീട്ടിലിരുന്ന് തന്നെ എളുപ്പത്തില്‍ അടയ്ക്കാവുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. കനറാ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഇ.ബിയും കനറാ ബാങ്കും ഒപ്പുവച്ചു. മാര്‍ച്ച് മുതലാണ് പദ്ധതി നടപ്പാക്കുന്നത്.

സ്വൈപ്പിംഗ്  സംവിധാനം
നിലവിലെ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഉപയോഗിക്കാത്ത ഉപയോക്താക്കളെ ഉന്നമിട്ടാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. കറന്റ് ബില്ലടയ്ക്കാന്‍ ഇനി കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് പോകേണ്ടതില്ല എന്നതാണ് നേട്ടം. മീറ്റര്‍ റീഡര്‍മാര്‍ പ്രത്യേക സ്വൈപ്പിംഗ് മെഷീനുകളുമായി ഉപയോക്താവിന്റെ വീട്ടിലെത്തും. ഇതില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്ത് പണമടയ്ക്കാം. യു.പി.ഐ വഴിയും പണം അടയ്ക്കാവുന്നതാണ്.

കനറാ ബാങ്കിന്റെ സഹായത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ 5,300ഓളം സ്വൈപ്പിംഗ് മെഷീനുകള്‍ വഴിയാണ് മാര്‍ച്ചില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുന്നത്.

Tags:    

Similar News