സ്വകാര്യബസുകളില്‍ നിന്ന് പിടിച്ചെടുത്ത റൂട്ടുകളില്‍ നിരക്ക് കുറച്ച് കെ.എസ്.ആര്‍.ടി.സി
നിരക്കിളവ് 223 സര്‍വീസുകള്‍ക്ക് ബാധകം, തീരുമാനം സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവിന് പിന്നാലെ
സ്വകാര്യ ബസുകളില്‍ നിന്ന് ഏറ്റെടുത്ത 223 ദീര്‍ഘദൂര റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ക്ക് 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസുകള്‍ വന്‍നിരക്ക് ഈടാക്കിയും കുത്തകയാക്കിയും വച്ചിരുന്ന റൂട്ടുകളാണ് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിരുന്നത്. 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് ഈ റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാന്‍ വഴിയൊരുക്കിയത്.
എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലായുള്ള ഈ റൂട്ടുകളില്‍ സൂപ്പര്‍ക്ലാസ് ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഓടിക്കുന്നത്. എന്നാല്‍, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കെ.എസ്.ആര്‍.ടി.സി നിരക്കിളവ് പ്രഖ്യാപിച്ചത്. സ്വകാര്യ ബസുകളില്‍ നിന്ന് കനത്ത മത്സരം ഉണ്ടാകുമെന്ന വിലയിരുത്തലാണ് നിരക്കിളവിന് കെ.എസ്.ആര്‍.ടി.സിയെ പ്രേരിപ്പിച്ചത്.