തുച്ഛമായ ഫീസില്‍ ഇനി ഡ്രൈവിംഗ് പഠിക്കാം; കെ.എസ്.ആര്‍.ടി.സി സ്‌കൂളില്‍ നിരക്കുകള്‍ ഇങ്ങനെ

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നവരായിരിക്കും അധ്യാപകര്‍

Update:2024-06-26 17:13 IST

Image: Canva

കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മികച്ച രീതിയില്‍ ഡ്രൈവിംഗ് പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.
സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി നിരക്കില്‍ ഉള്‍പ്പെടെ കുറവുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. കാര്‍ ഡ്രൈവിംഗ് പഠനത്തിന് ഈടാക്കുക 9,000 രൂപയാണ്. ഹൈവി വാഹനങ്ങളില്‍ പരിശീലനത്തിനും ഇതേ ഫീ തന്നെ നല്‍കിയാല്‍ മതിയാകും.
സ്വകാര്യ സ്‌കൂളുകളേക്കാള്‍ നിരക്കിളവ്
ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയാണ് നല്‍കേണ്ടത്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്‌കൂളുകളിനെ നിരക്കിനേക്കാള്‍ 40 ശതമാനം കുറവുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.
കൃത്യമായ സമയക്രമമനുസരിച്ചാവും പരിശീലനം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നവരായിരിക്കും അധ്യാപകര്‍. സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും. എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും.
22 കേന്ദ്രങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 14 എണ്ണം ഉടന്‍ ആരംഭിക്കുമെന്ന് ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയുടെ നീക്കം സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Tags:    

Similar News