കൊച്ചിക്കാര്‍ക്ക് ഇനി കെ.എസ്.ആര്‍.ടി.സി വൈദ്യുത ബസുകള്‍; നിരക്ക് ₹20 ല്‍ താഴെ

കെ.എസ്.ആര്‍.ടി.സി സൗത്ത് ബസ് സ്റ്റാന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ മിക്കതും വൈറ്റില ഹബ്ബിലേക്ക് മാറ്റിയേക്കും

Update:2023-09-06 15:04 IST

Representative Image From File

കൊച്ചി നഗരത്തിനുള്ളിലെ യാത്രകള്‍ക്ക് ഇനി കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുത ബസുകള്‍. പദ്ധതി രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന 'തിരുക്കൊച്ചി' ബസുകള്‍ പിന്‍വലിച്ചതും എ.സി, നോണ്‍- എ.സി ബസുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തതോടെ നഗരത്തിനുള്ളിലുള്ള യാത്ര ദുസ്സഹമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ സംവിധാനമൊരുക്കുന്നത്.

മെട്രോയോ സാധാരണ കെ.എസ്.ആര്‍.ടി.സി ബസുകളോ എത്താത്ത പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ സ്വകാര്യ ബസുകളും വാഹനങ്ങളും ഊബറും മാത്രമാണ് മാര്‍ഗം. എന്നാല്‍ ഇതിന് താരതമ്യേന ചെലവ് കൂടുതലാണ്. പുതിയ ഇലക്ട്രിക് ബസുകള്‍ എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. 20 രൂപയില്‍ താഴെയായിരിക്കും ബസ് ചാര്‍ജ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എറണാകുളം നഗരത്തില്‍ കുറഞ്ഞ ചെലവില്‍ പ്രാദേശിക യാത്രകള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.

ബസുകള്‍ പുറത്തിറക്കാനുള്ള ഫണ്ട് കെ.എസ്.ആര്‍.ടി.സി, കേരള അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ട് ബോര്‍ഡ് (KIIFB) എന്നിവരോടൊപ്പം കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡും (CSML) ചേര്‍ന്നാണ് സമാഹരിച്ചിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന 53 ഇലക്ട്രിക് ബസുകളിലായിരിക്കും ഇവയും വരിക. ബസുകള്‍ക്ക് എന്ത് നിറം നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 

വൈറ്റിലയിലേക്ക്

എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും വൈറ്റില മൊബിലിറ്റി ഹബിലേക്ക് (VMH)മാറ്റാനും പദ്ധതി ഉണ്ടെന്ന് മന്ത്രി പറഞ്ഞു. എറണാകുളം കെ.എസ്.ആര്‍.ടി.സിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ളതിനാലാണ് ഇതെന്നും മന്ത്രി വിശദമാക്കി.

Tags:    

Similar News