'ജനത' ബസ് ജനകീയമായി; കെ.എസ്.ആര്‍.ടി.സിക്ക് മികച്ച വരുമാനം
കൊല്ലം-തിരുവനന്തപുരം റൂട്ടിലെ ബസ് സര്‍വീസിനെ ആശ്രയിക്കുന്നത് ഏറെ പേര്‍. കൂടുതല്‍ സര്‍വീസിന് ആലോചന
കുറഞ്ഞ ചെലവില്‍ എ.സി ലോ ഫ്‌ളോര്‍ എന്ന ആശയവുമായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ജനത ബസിനെ ഏറ്റെടുത്ത് ജനങ്ങള്‍. കൊല്ലത്തു നിന്ന് സര്‍വീസ് നടത്തുന്ന രണ്ട് ബസുകളും കൊട്ടാരക്കരയില്‍ നിന്ന് ആരംഭിക്കുന്ന ഒരു ബസുമാണ് നിലവില്‍ ജനത സര്‍വീസായി പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 18ന് പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌പെഷല്‍ സര്‍വീസില്‍ ഇതിനോടകം 12,000ത്തോളം യാത്രക്കാര്‍ സഞ്ചരിച്ചു കഴിഞ്ഞതായി കൊല്ലം കെ.എസ്.ആര്‍.ടി,സി ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം ഓരോ സര്‍വീസ് വീതമാണ് കൊല്ലത്തു നിന്നും കൊട്ടാരക്കരയില്‍ നിന്നും ആരംഭിച്ചതെങ്കിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കൊല്ലത്തു നിന്ന് രണ്ട് സര്‍വീസ് ആക്കുകയായിരുന്നു.
യാത്രികര്‍ കൂടുതലും ഉദ്യോഗസ്ഥര്‍
കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ സ്ഥിരം യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ലക്ഷ്യമിട്ടാണ് പഴയ ജനറം ബസ് മോടിപിടിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ജനത ബസ് ആക്കിയെടുത്തത്. നിലവില്‍ 'ജനത'യില്‍ യാത്ര ചെയ്യുന്നവരില്‍ മുക്കാല്‍ ഭാഗവും തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്. സെക്രട്ടേറിയേറ്റ്, തമ്പാനൂര്‍, പട്ടം, വഴുതക്കാട് തുടങ്ങിയവിടങ്ങളെല്ലാം ബസ് റൂട്ടിലുള്‍പ്പെടുന്നതിനാല്‍ കൊല്ലം-കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരാതിര്‍ത്തിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെ സൗകര്യപ്രദമാണെന്ന് കൊല്ലം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നു. കൂടുതൽ ജനത സർവീസ് ആരംഭിക്കാനും ആലോചനയുണ്ട്.
ജനത സര്‍വീസ് ഒക്‌റ്റോബറില്‍ 4,41,723 രൂപ കളക്ഷന്‍ നേടി, നവംബറില്‍ 5,71,619 രൂപയും ഈ മാസം ഇതിനോടകം തന്നെ 5 ലക്ഷം രൂപ കടന്നതായാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നത്. ഫിലിം ഫെസ്റ്റിവല്‍ (ഐ.എഫ്.എഫ്.കെ) നടക്കുന്നതിനാല്‍ ആണ് വരുമാനം കുത്തനെ ഉയര്‍ന്നതെന്നും ഇവര്‍ പറയുന്നു. 20 രൂപ വീതമാണ് ടിക്കറ്റ് നിരക്കുകള്‍. കൊല്ലം-തിരുവനന്തപുരം (നോണ്‍-എ.സി), കൊട്ടാരക്കര-തിരുവനന്തപുരം യാത്ര എന്നിവയ്ക്ക് 97 രൂപയുമാണ്. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള എ.സി ലോ ഫ്‌ളോര്‍ ബസിന് 184 രൂപയാണ് ചാര്‍ജ്.
ജനത സര്‍വീസ് സമയങ്ങള്‍
ജനത സര്‍വീസ് ബസുകള്‍ കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്ന് രാവിലെ 7.15ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10ന് തിരിച്ച് പുറപ്പെടുന്ന ബസുകള്‍ ഉച്ചയ്ക്ക് 12ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. കൊല്ലത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നും ഉച്ചയ്ക്ക് 2.20ന് ആരംഭിക്കുന്ന ബസുകള്‍ 4.30ന് തിരുവനന്തപുരത്ത് എത്തും. ബസുകള്‍ തമ്പാനൂരില്‍ നിന്ന് വൈകിട്ട് 5ന് മടക്കയാത്ര ആരംഭിച്ച് രാത്രി 7.15ന് അതത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരും.