കുറഞ്ഞ ചെലവില്‍ താമസമൊരുക്കുന്ന മൂന്നാര്‍ മോഡൽ 'കെ.എസ്.ആര്‍.ടി.സി സ്ലീപ്പര്‍ ബസ്' കൂടുതല്‍ സ്ഥലങ്ങളിലേക്ക്
ഓടാതെയും വരുമാനമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി
കുറഞ്ഞ നിരക്കില്‍ രാത്രികാല താമസമൊരുക്കി ഹിറ്റായ കെ.എസ്.ആര്‍.ടി.സിയുടെ 'സ്ലീപ്പര്‍ ബസ്' കൂടുതല്‍ ഇടങ്ങളിലേക്ക്. ഇതിനായി പ്രവര്‍ത്തനക്ഷമമല്ലാത്ത കൂടുതല്‍ ബസുകള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യും. ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളും കെ.എസ്.ആര്‍.ടി.സിക്ക് ഡിപ്പോകള്‍ ഉള്ള സ്ഥലവുമാണ് പരിഗണിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞ സ്‌ക്രാപ്പ് ചെയ്യാനിട്ട ബസുകളാണ് സ്ലീപ്പര്‍ ബസുകളായി ഉപയോഗിക്കുക.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് രണ്ടുവര്‍ഷം മുമ്പാണ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ മൂന്നാര്‍, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളിലാണ് സ്ലീപ്പര്‍ ബസ് ഒരുക്കിയത്. ഇത് വലിയ വിജയമായി. ഓഫ് സീസണിലും 80 ശതമാനം ബെര്‍ത്തുകള്‍ക്കും ആവശ്യക്കാരെത്തുന്നുണ്ട്. മൂന്നാറില്‍ പത്തും ബത്തേരിയില്‍ അഞ്ചും ബസുകളാണ് ഉള്ളത്. ഇതിന്റെ എണ്ണം കൂട്ടും.
കോവിഡിനുശേഷം കേരളത്തില്‍ ആഭ്യന്തരസഞ്ചാരികളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. ഇത് പരിഗണിച്ചും ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ടുമാണ് ബജറ്റ് ടൂറിസം സെല്‍ പദ്ധതി തയ്യാറാക്കിയത്.
സ്ലീപ്പര്‍ ബസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
ഇപ്പോഴുള്ള സ്ലീപ്പര്‍ ബസുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മുന്‍കൂട്ടി സ്റ്റേ ബുക്ക് ചെയ്യാം. അവധി ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വഴി എത്തുന്ന സഞ്ചാരികള്‍ക്ക് ബെര്‍ത്ത് നല്‍കിയ ശേഷം ബാക്കി വരുന്നവയാണ് നല്‍കുക. ഒറ്റയ്ക്ക് എത്തുന്നവര്‍ക്കും കുടുംബമായി എത്തുന്നവരും സുരക്ഷിതമായി താമസിക്കാമെന്നതാണ് നേട്ടം.
ബ്ലാങ്കറ്റോടുകൂടിയ ബെര്‍ത്തിന് 220- രൂപയും ബ്ലാങ്കറ്റില്ലാതെ 160 രൂപയും നല്‍കിയാല്‍ മതി. വൈകിട്ട് അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണ് സമയം. ട്രെയിന്‍ ബെര്‍ത്തുപോലെ അപ്പര്‍, ലോവര്‍ എന്നിങ്ങനെയാണ് സജ്ജീകരിച്ചത്. കുടുംബങ്ങള്‍ക്ക് കട്ടിലും ബെഡുമാണ്. ഇതിന് 1000 രൂപയാണ്.
വരുമാനം ഒരു കോടി?
2020 ല്‍ ആണ് കെ എസ് ആര്‍ ടി സി ആദ്യമായി സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിച്ചത്. നിലവില്‍ സ്‌റ്റേ സൗകര്യത്തിന് മൂന്നാറിലും ബത്തേരിയിലും15 ബസുകളുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെ തന്നെ കട്ടപ്പുറത്തായ, പഴയ ബസുകള്‍ പെയിന്റടിച്ച് നവീകരണം നടത്തിയാണ് സ്ലീപ്പര്‍ ബസുകളാക്കുന്നത്. 3 വര്‍ഷത്തിനിടെ 60,000 പേരോളം ഇവിടെ രാത്രി ചെലവഴിച്ചു എന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്.
ഉപയോഗിച്ച് പഴകിയതോ, ഇനി യാത്രാ യോഗ്യമല്ലാത്തതോ ആയ കെ എസ് ആര്‍ ടി സി ബസുകളാണ് കെ എസ് ആര്‍ ടി സി സ്ലീപ്പറുകളാക്കുന്നത്. പൊളിച്ചു വിറ്റാല്‍ പരമാവധി ഒന്നോ ഒന്നര ലക്ഷമോ രൂപ മാത്രമാണ് ലഭിക്കുക. എന്നാലിപ്പോള്‍ അതേ ബസുകള്‍ നവീകരിച്ച് താമസമൊരുക്കിയപ്പോള്‍ 1 കോടി രൂപ വരുമാനമായി നേടിയെന്നാണ് കെ എസ് ആര്‍ ടി സി അവകാശപ്പെടുന്നത്.