ഡ്രൈവര്‍ ഇല്ലാത്ത ട്രെയിനുമായി സൗദി; റിയാദ് മെട്രോ ബുധനാഴ്ച മുതല്‍

20 ശതമാനം വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന്

Update:2024-11-23 21:02 IST

Image:Riyadh metro/X

ഡ്രൈവറില്ലാത്ത മെട്രോ ട്രെയിനുകളുമായി സൗദി അറേബ്യയില്‍ ആരംഭിക്കുന്ന റിയാദ് മെട്രോ സര്‍വീസിന് ബുധനാഴ്ച തുടക്കം. ആറ് ലൈനുകളില്‍ മൂന്നെണ്ണത്തിലാണ് ബുധനാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ മെട്രോ പാതകളില്‍ റിയാദ് മെട്രോ ഇടം പിടിക്കും. ഭാഗികമായി സോളാര്‍ വൈദ്യുതി ഉപയോഗിച്ചാണ് മെട്രോ പ്രവര്‍ത്തിക്കുക. നിര്‍മാണം പൂര്‍ത്തിയായ മൂന്നു ലൈനുകളില്‍ കൂടി ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. 12 വര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. റിയാദ് നഗരത്തിലെ ഗതാഗത തിരക്ക് ഗണ്യമായി കുറക്കാന്‍ മെട്രോ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

176 കിലോമീറ്റര്‍; 84 സ്‌റ്റേഷനുകള്‍

176 കിലോമീറ്റര്‍ നീളമുള്ള റിയാദ് മെട്രോ ലോകത്തില്‍  നീളമേറിയ മെട്രോ പദ്ധതികളിലൊന്നാണ്. 84 സറ്റേഷനുകളാണുള്ളത്. ദുബൈ മെട്രോയേക്കാള്‍ മൂന്നിരട്ടി വലിപ്പം വരും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും റിയാദിലെ പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ലൈനുകളിലാണ് ബുധനാഴ്ച സര്‍വീസ് തുടങ്ങുന്നത്. തലസ്ഥാന നഗരിയിലെ പ്രധാന റോഡായ കിംഗ് അബ്ദുള്‍ അസീസ് റോഡ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ ഡിസംബറിലാണ് ആരംഭിക്കുക. മരുഭൂമിയിലെ ചൂടിനെ കൂടി മുന്നില്‍ കണ്ടാണ് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് പുതിയ ബസ് സര്‍വീസുകളും ആരംഭിക്കും.

സോളാറിലും പ്രവര്‍ത്തിക്കും

മെട്രോക്കാവശ്യമായ വൈദ്യുതിയുടെ 20 ശതമാനം സോളാര്‍ സംവിധാനത്തില്‍ നിന്നാണ്. ഇതിനായി സ്റ്റേഷനുകളില്‍ കൂറ്റന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2012 ലാണ് മെട്രോ നിര്‍മാണം തുടങ്ങിയത്. കോവിഡ് കാലത്ത് നിര്‍മാണം നിര്‍ത്തിവെക്കണ്ടി വന്നത് പദ്ധതി വൈകാന്‍ കാരണമായി. 2,250 കോടി ഡോളറാണ് പദ്ധതിയുടെ നിര്‍മാണ ചിലവ്. മെട്രോയിലെ യാത്രാ നിരക്കുകള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും.

Tags:    

Similar News