മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം! വരുന്നു വന്ദേഭാരത് ബുള്ളറ്റ് ട്രെയിനുകള്‍, വമ്പന്‍ അപ്ഗ്രേഡിലേക്ക് റെയില്‍വേ

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ നിലവിലെ വന്ദേഭാരത് എക്പ്രസ് ട്രെയിനുകള്‍ക്ക് സാധിക്കും

Update:2024-12-24 17:02 IST

image credit : canva

സെമി ഹൈസ്പീഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാന്‍ റെയില്‍വേ. അധികം വൈകാതെ ഇവ ട്രാക്കിലിറങ്ങുമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളിലോ നിലവിലെ റെയില്‍വേ ശൃംഖലയിലോ ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയും (ഐ.സി.എഫ്), ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബി.ഇ.എം.എല്‍) ചേര്‍ന്ന് ഇതിന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ പരമാവധി 280-300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ നിലവിലെ വന്ദേഭാരത് എക്പ്രസ് ട്രെയിനുകള്‍ക്ക് സാധിക്കും.
ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ബുള്ളറ്റ് ട്രെയിന്റെ പകുതി വിലയില്‍ തദ്ദേശീയമായി നിര്‍മിക്കാനാകുമെന്നതാണ് പ്രത്യേകത. നിലവില്‍ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.എസ്.ആര്‍.സി.എല്‍) നടപ്പിലാക്കുന്ന മുംബയ് - അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയില്‍ ജപ്പാനില്‍ നിന്നുള്ള ട്രെയിനുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഡല്‍ഹി-വാരണാസി, ഡല്‍ഹി-അഹമ്മദാബാദ്, നാഗ്പൂര്‍-മുംബയ്, മുംബയ്-ഹൈദരാബാദ്, ഡല്‍ഹി-അമൃത്സര്‍, ചെന്നൈ-മൈസൂര്‍, വാരണാസി-ഹൗറ തുടങ്ങിയ പാതകളിലും ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കാനാണ് കേന്ദ്രപദ്ധതി. സ്വന്തമായി ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിച്ചു തുടങ്ങുന്ന വേളയില്‍ ഈ പദ്ധതികള്‍ക്ക് അനുമതി നല്‍കാനാണ് സാധ്യത.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇങ്ങനെ

അന്താരാഷ്ട്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേശീയമായി ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കാനും വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുമാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ 180 കിലോമീറ്റര്‍ വരെയാണ് വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗത. അടുത്ത ഘട്ടത്തില്‍ 220 കിലോമീറ്ററിലും പിന്നീട് 260 കിലോമീറ്ററിലുമെത്തിച്ച ശേഷം മണിക്കൂറില്‍ 300 കിലോമീറ്ററെന്ന വേഗതയിലെത്താനാണ് ആലോചിക്കുന്നത്. 1959ല്‍ ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുമ്പോള്‍ വേഗത മണിക്കൂറില്‍ 163 കിലോമീറ്ററായിരുന്നു. പടിപടിയാണ് 2013ല്‍ മണിക്കൂറില്‍ 320 കിലോമീറ്ററെന്ന റെക്കോഡ് വേഗം കുറിച്ചത്. ഇതേ മാതൃകയില്‍ ഘട്ടം ഘട്ടമായി ലക്ഷ്യത്തിലെത്താനാണ് ഇന്ത്യയുടെയും പദ്ധതി.
Tags:    

Similar News