കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി റൂട്ട് നമ്പര്‍ നോക്കി കയറാം
ഗ്രാമീണ, മലയോര മേഖലകളിലേക്ക് ചെലവുകുറഞ്ഞ സര്‍വീസിന് 28-32 സീറ്റുള്ള ബസ്
ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളിലേക്ക് മിനിബസ് സര്‍വീസ് നടത്തുന്നതുള്‍പ്പെടെ ഒരുപിടി പരിഷ്‌കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി. ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തമിഴ്‌നാട് മാതൃകയിലാണ് ഈ പരീക്ഷണം. മലയാളവും ഇംഗ്ലീഷും അറിയാത്ത യാത്രക്കാര്‍ക്കു കൂടി ഉപകാരപ്പെടുന്ന രീതിയിലാണ് പരിഷ്‌കാരം.
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് ബസിന്റെ ബോര്‍ഡില്‍ ഉണ്ടാകും. 1 മുതല്‍ 14 വരെയാകും ഇത്തരത്തില്‍ ജില്ലാ കോഡുകള്‍ നല്‍കുക. 15 മുതല്‍ 99 വരെയുള്ള നമ്പറുകള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടേതാകും. 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്‌റ്റേഷന്‍, മെഡിക്കല്‍ കോളജ്, വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളുടേതാകും.
ഒന്നിലധികം ജില്ലകളില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ജില്ലാ കോഡുകള്‍ കൂടി ചേര്‍ക്കണം. 200 മുതല്‍ 399 വരെയുള്ളയുള്ള നമ്പറുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവയുടേതാകും.
ഗ്രാമങ്ങളിലേക്ക് കുട്ടിബസ്
ഗ്രാമീണ, മലയോര മേഖലകളിലെ ചെറിയ റൂട്ടുകളിലേക്ക് 28-32 സീറ്റുകളുള്ള ബസാകും സര്‍വീസ് നടത്തുക. ചെലവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ടാറ്റയുടെ ബസുകളാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. ഇതിന്റെ ട്രയല്‍റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. പത്തനാപുരം ഡിപ്പോയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പരീക്ഷണ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
അടുത്ത ആഴ്ച മുതല്‍ തിരുവനന്തരപുരം ജില്ലയിലെ മലയോര മേഖലകളിലും പരീക്ഷണ സര്‍വീസ് ആരംഭിക്കും. പഴയ ബസുകള്‍ മാറ്റുന്നതിനനുസരിച്ച് ഈ റൂട്ടുകളില്‍ ചെറിയ ബസുകള്‍ ഓടിക്കാനാണ് പദ്ധതി. വലിയ ബസുകളെ അപേക്ഷിച്ച് 30 ശതമാനം വരെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.