കോ വര്‍ക്കിംഗ് രീതി നഗരം വിട്ട് കേരള ഗ്രാമങ്ങളിലേക്ക്, പുതിയ ട്രെന്റിന് കൈകൊടുക്കാന്‍ സര്‍ക്കാര്‍

കോവര്‍ക്കിംഗ് സ്‌പേസുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്. അതിലേറ്റവും പ്രധാനം എല്ലാ സൗകര്യങ്ങളും ഒരിടത്ത് ലഭിക്കുമെന്നതാണ്

Update:2025-01-01 15:40 IST

Image: Canva

മുംബൈ, ബംഗളൂരു അടക്കമുള്ള മെട്രോ നഗരങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലേക്ക് കോവര്‍ക്കിംഗ് സെന്ററുകളെന്ന ആശയം കടന്നുവരുന്നത്. തുടക്കത്തില്‍ കൊച്ചിയും തിരുവനന്തപുരത്തും ചുവടുറപ്പിച്ച കോവര്‍ക്കിംഗ് സംസ്‌കാരം ഇന്ന് ഗ്രാമങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. തൊടുപുഴ, അങ്കമാലി പോലുള്ള രണ്ടാംനിര സിറ്റികളിലും കോവര്‍ക്കിംഗ് സെന്ററുകള്‍ സാധാരണയായി മാറിയിരിക്കുന്നു.
കോവിഡിനുശേഷം കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് കൂടുതലായി മാറിയതോടെ കോവര്‍ക്കിംഗ് സെന്ററുകളുടെ സാധ്യതയും വര്‍ധിച്ചു. ഇതരസംസ്ഥാന ഐ.ടി നഗരങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വീടിനടുത്ത് ജോലി ചെയ്യാനുള്ള അവസരം പല കമ്പനികളും ഒരുക്കി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം കോവര്‍ക്കിംഗ് സ്‌പേസുകള്‍ വാടകയ്‌ക്കെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവര്‍ക്കിങ് സ്പേസുകളില്‍ സീറ്റുകള്‍ മാസ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് ഓഫീസ് അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ സാധിക്കും. ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, മീറ്റിങ്, ബിസിനസ് മീറ്റിങ്ങുകള്‍ക്കായി കോണ്‍ഫറന്‍സ് ഹാളുകള്‍, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി, കഫറ്റീരിയ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. കോവര്‍ക്കിങ് സെന്ററുകളില്‍ ഒരു സംരംഭകന്‍ എടുക്കുന്ന സീറ്റും അത് വഴി ലഭിക്കുന്ന വിലാസവും ഉപയോഗിച്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നത് വലിയ തുക വാടക നല്‍കി ഓഫീസ് മുറി വാടകയ്ക്ക് എടുക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമാകുന്നു.

ചെറുകിട കമ്പനികള്‍ക്കും നേട്ടം

സംരംഭകത്വത്തിലേക്ക് പിച്ചവച്ചു തുടങ്ങുന്ന കമ്പനികള്‍ക്ക് ഗുണകരമാണ് ഇത്തരം കോവര്‍ക്കിംഗ് സ്‌പേസുകള്‍. ഉയര്‍ന്ന കെട്ടിട വാടകയും സെക്യൂരിറ്റിയും അടക്കം കൈയില്‍ നില്‍ക്കാത്ത ചെലവാണ് ഒരു ഓഫീസ് തുടങ്ങാന്‍ വേണ്ടിവരിക. എന്നാല്‍ ഇത്തരം കോവര്‍ക്കിംഗ് സ്‌പേസുകള്‍ എല്ലാത്തരം സജ്ജീകരണങ്ങളും ഒരുക്കി നല്‍കും.
24 മണിക്കൂര്‍ വൈദ്യുതി, ഇന്റര്‍നെറ്റ്, സെക്യൂരിറ്റി തുടങ്ങി എല്ലാത്തരം സൗകര്യങ്ങളും നല്‍കുന്നതിനാല്‍ സംരംഭകരെ സംബന്ധിച്ച് വലിയ തലവേദനകളില്ല. നിലവില്‍ കൊച്ചിയില്‍ 50ലേറെ ചെറുതും വലുതുമായ കോവര്‍ക്കിംഗ് സ്‌പേസുകളുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികളും പുതുതായി തുടങ്ങുന്നവരുമാണ് ഇത്തരം സ്‌പേസുകള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ഒട്ടുമിക്ക കോവര്‍ക്കിംഗ് സ്‌പേസ് കമ്പനികളും സീറ്റിനാണ് വിലയിടുന്നത്. ക്യാബിനുകളായി തിരിച്ചതും തുറസായി കിടക്കുന്നതുമായ സ്‌പേസുകള്‍ ലഭ്യമാണ്. ഓരോ വിഭാഗത്തിനും വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക.
കുറച്ചുമാത്രം ജീവനക്കാരുള്ള കമ്പനികളായിരുന്നു തുടക്കത്തില്‍ കോവര്‍ക്കിംഗ് സ്‌പേസുകളിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രീതികള്‍ മാറി. വന്‍കിട കമ്പനികളും ഇത്തരം സെറ്റപ്പിലേക്ക് മാറിതുടങ്ങി. കുറഞ്ഞ ചെലവില്‍ ഓഫീസ് തുടങ്ങാമെന്നതാണ് ഇത്തരത്തില്‍ മാറിചിന്തിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

ആവശ്യമനുസരിച്ച് പ്ലാനുകള്‍

കോവര്‍ക്കിംഗ് സ്‌പേസുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്. അതിലേറ്റവും പ്രധാനം എല്ലാ സൗകര്യങ്ങളും ഒരിടത്ത് ലഭിക്കുമെന്നതാണ്. കോവര്‍ക്കിംഗ് സ്‌പേസ് നല്‍കുന്ന കമ്പനികള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണുള്ളത്. പവര്‍ ബാക്കപ്പ്, എ.സി, മീറ്റിംഗ് റൂം എന്നിവയ്‌ക്കൊപ്പം കോഫി, ടീ എന്നിവയും ലഭിക്കും.
കൊച്ചിയില്‍ പ്രീമിയം കോവര്‍ക്കിംഗ് സ്‌പേസുകള്‍ക്ക് മാസവാടക 6,500 രൂപ മുതല്‍ മുകളിലേക്കാണ്. മണിക്കൂറിനാണെങ്കില്‍ 600 രൂപ മുതല്‍ മുകളിലേക്കും. വിര്‍ച്വല്‍ അഡ്രസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇത്തരം കമ്പനികള്‍ ലഭ്യമാക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവര്‍ക്കിംഗ് സ്‌പേസുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡുള്ളത്.

ടെക്‌നോലോഡ്ജ് മാതൃക

എറണാകുളം പിറവത്ത് കാക്കൂരില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോലോഡ്ജ് കോവര്‍ക്കിംഗ് സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ഗ്രാമീണ മേഖലയിലെ ഐ.ടി കമ്പനികളെയും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച സംരംഭമാണ്. സര്‍ക്കാര്‍ പിന്തുണയില്‍ ഗ്രാമീണ മേഖലയില്‍ ഐ.ടി സംരംഭങ്ങള്‍ക്ക് പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ടെക്‌നോലോഡ്ജിന്റെ വരവ്. പിറവത്തിന് പുറത്തു നിന്നടക്കം നൂറുകണക്കിന് പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
സിംഗിള്‍ സീറ്റിന് വെറും 2,500 രൂപ മാസമാണ് മാസവാടക. 24 മണിക്കൂറും അതിവേഗ ഇന്റര്‍നെറ്റ്, വൈദ്യുതി, വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവര്‍ ഒരുക്കി കൊടുക്കുന്നുവെന്ന് ടെക്‌നോലോഡ്ജ് ഇന്‍ചാര്‍ജ് അനില സതീഷ് ധനംഓണ്‍ലൈനോട് പറഞ്ഞു.

സര്‍ക്കാരും രംഗത്ത്

കോ വര്‍ക്കിംഗ് സ്‌പേസുകള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാരും ഇത്തരം പദ്ധതികളുമായി രംഗത്തുണ്ട്. അടുത്ത മാര്‍ച്ചോടെ വര്‍ക്ക് നിയര്‍ ഹോം എന്ന പേരില്‍ പദ്ധതിക്ക് തുടക്കമിടാനാണ് നീക്കം. ഇൗ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 10 വര്‍ക്ക് നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയാകും ആദ്യത്തെ സെന്റര്‍ ഒരുങ്ങുക. ആദ്യഘട്ടത്തില്‍ കൊട്ടാരക്കരയിലെ ബി.എസ്.എന്‍.എല്‍ കെട്ടിടം വാടകക്ക് എടുത്താണ് കേന്ദ്രം തുടങ്ങുക. ബജറ്റില്‍ പദ്ധതിക്ക് 50 കോടി രൂപ അനുവദിച്ചിരുന്നു. 37.5 കോടി രൂപ ചെലവില്‍ കൊട്ടാരക്കരയിലും പെരിന്തല്‍മണ്ണയിലുമാണ് ആദ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീടിനടുത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിവയ്ക്ക് പദ്ധതി പ്രയോജനപ്പെടും. 1,000 ചതുരശ്രയടി സ്ഥലത്ത് 220 പേര്‍ക്ക് ജോലി ചെയ്യാനുള്ള ഇരിപ്പിടങ്ങളാണ് കൊട്ടാരക്കരയില്‍ ഒരുക്കുന്നത്. ഒരു ഇരിപ്പിടത്തിന് പ്രതിമാസം 4,000 രൂപയാണ് വാടക. സ്വകാര്യ കോവര്‍ക്കിംഗ് സ്‌പേസുകളും കിടപിടിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഇത്തരം കേന്ദ്രത്തില്‍ ഉണ്ടാകും.
Tags:    

Similar News