അടുക്കളയിലേക്ക് കുടുംബശ്രീയുടെ കേരള ചിക്കന്‍ ഉത്പന്നങ്ങള്‍, എല്ലാ ജില്ലകളിലും മീറ്റ് ഓണ്‍ വീല്‍സും ഉടനെ
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു
കുടുംബശ്രീയുടെ കേരള ചിക്കന്‍ ബ്രാന്‍ഡിംഗില്‍ ഫ്രോസണ്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തി. ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രെസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നിവയാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഇവ ലഭ്യമാവുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിക്ക് ഉത്പന്നങ്ങള്‍ കൈമാറി ലോഞ്ചിങ്ങ് നിര്‍വഹിച്ചു.
ഇനി വരും മീറ്റ് ഓണ്‍ വീല്‍സ്
കുടുംബശ്രീ കേരള ചിക്കന്‍ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് കമ്പനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.എറണാകുളം കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡ്കട്സ് ഓഫ് ഇന്‍ഡ്യയുടെ പ്ലാന്റിലെത്തിച്ച് ഇവ സംസ്‌ക്കരിച്ച് പാക്ക് ചെയ്യും. എല്ലാ ഉത്പന്നങ്ങളും 450, 900, അളവിലായിരിക്കും ലഭിക്കുക. കവറിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഏതു ഫാമില്‍ വളര്‍ത്തിയ ചിക്കനാണെന്ന് ഉപയോക്താക്കള്‍ക്ക് മനസിലാകും. നിലവിലെ വിപണന മാര്‍ഗങ്ങള്‍ക്ക് പുറമേ ഭാവിയില്‍ 'മീറ്റ് ഓണ്‍ വീല്‍' എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കുടുംബശ്രീക്ക് പദ്ധതിയുണ്ട്. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
എല്ലാവര്‍ക്കും ന്യായവിലയ്ക്ക് ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019ല്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവും വിപണനവും ഊര്‍ജിതമാകുന്നതോടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.