ഓണവിപണിയിലും തിളങ്ങി കുടുംബശ്രീ; 23 കോടി രൂപയുടെ വില്‍പന

കുടുംബശ്രീ കൃഷി നടത്തി ഉല്‍പാദിപ്പിച്ച പൂക്കളുടെ വില്‍പന ഇക്കുറി മേളകളിലെ പ്രധാന ആകര്‍ഷണമായിരുന്നു

Update: 2023-09-01 05:20 GMT

Image courtesy: Kudumbashree/canva

ഇത്തവണയും ഓണവിപണിയില്‍ തിളങ്ങി കുടുംബശ്രീ. 1087 ഓണച്ചന്തകളിലായി 23.09 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 19 കോടി രൂപയായിരുന്നു. നാലുകോടിയുടെ വര്‍ധന. എല്ലാ സി.ഡി.എസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു.

മുന്നില്‍ എറണാകുളം

കുടുംബശ്രീ ഓണച്ചന്തകളിലായി 3.25 കോടി രൂപയുടെ വില്‍പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉല്‍പന്നങ്ങള്‍ മേളയില്‍ വില്‍പന നടത്തി.

മേളകളിലെ പ്രധാന താരം പൂക്കള്‍

കുടുംബശ്രീ കൃഷി നടത്തി ഉല്‍പാദിപ്പിച്ച പൂക്കളുടെ വില്‍പന ഇക്കുറി മേളകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. സാധാരണ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് ഓണപ്പൂക്കളെത്തിയിരുന്നതെങ്കില്‍ ഇക്കുറി വിപണിയില്‍ ശക്തമായ സാന്നിധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780ഏക്കറിലാണ് പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 128 ഏക്കറിലായിരുന്നു. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളമെമ്പാടും വലിയ വിജയം കണ്ടു. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഒന്നാമതെത്തിയത്. ഓണം വിപണന മേളകളിലെല്ലാം പൂക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു.

തിളങ്ങി മറ്റ് ഉല്‍പ്പന്നങ്ങളും

സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ക്ക് വലിയ തോതിലാണ് ആവശ്യക്കാരെത്തിയത്. വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയും മേളകളിലെത്തി. കലാപരിപാടികള്‍, ഭക്ഷ്യമേള, മത്സരങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിയിരുന്നു. ജില്ലാതലത്തില്‍ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തില്‍ 12,000 രൂപയും കുടുംബശ്രീ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ വിപണന മേളകള്‍ക്ക് നല്‍കാന്‍ അനുമതിയും നല്‍കിയിരുന്നു.

Tags:    

Similar News