വിവാഹം കഴിഞ്ഞ സ്ത്രീകളെ 'വിലക്കി'യ ഐ ഫോണ്‍ ഫാക്ടറിയില്‍ അന്വേഷണം

പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട്

Update:2024-07-04 15:25 IST

image credit : canva

ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത ഫോക്‌സ്‌കോണ്‍ കമ്പനി ഫാക്ടറിയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ജോലിയില്ലെന്ന റോയിട്ടേഴ്‌സ് അന്വേഷണത്തിന് പിന്നാലെ തൊഴില്‍ വകുപ്പിന്റ അന്വേഷണം. ചെന്നൈയിലെ ഫാക്ടറിയിലെത്തിയ തമിഴ്‌നാട് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെ റിക്രൂട്ട്‌മെന്റ് നടപടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കമ്പനിയിലെ ഡയറക്ടര്‍മാരെയും എച്ച്.ആര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തെന്ന് ലേബര്‍ കമ്മിഷണര്‍ നരസയ്യ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. വിഷയത്തില്‍ ആപ്പിളും ഫോക്‌സ്‌കോണും പ്രതികരിച്ചിട്ടില്ല. അതേസമയം, പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വാര്‍ത്തകളുണ്ട്.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഐഫോണിന്റെ പ്രധാന നിര്‍മാതാക്കളിലൊരാളായ ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ വിവാഹിതരായ സ്ത്രീകളെ നിയമിക്കുന്നില്ലെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ സ്വയം കേസെടുത്ത കേന്ദ്രമനുഷ്യാവകാശ കമ്മിഷന്‍ തൊഴില്‍ വകുപ്പിനോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരെ നിയമിക്കുന്നതില്‍ വിവേചനം കാണിക്കാറില്ലെന്നാണ് ഫോക്‌സ്‌കോണ്‍ തൊഴില്‍ വകുപ്പിന് നല്‍കിയ മറുപടിയില്‍ പറയുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 41,281 ജീവനക്കാരില്‍ 33,360 പേരും വനിതകളാണ്. ഇതില്‍ തന്നെ 2750 പേര്‍ വിവാഹിതരാണെന്നും കമ്പനി നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ ഏത് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ലെന്നും തൊഴില്‍ വകുപ്പ് വിശദീകരിച്ചു. കമ്പനിയിലെ നാല്‍പതോളം വനിതകളെ ചോദ്യം ചെയ്‌തെങ്കിലും ഇവരും പരാതികള്‍ പറഞ്ഞിട്ടില്ല.
കുടുംബത്തിന്റെ കാര്യം നോക്കാനേ സമയം കാണൂ
വിവാഹിതരായ സ്ത്രീകള്‍ക്ക് ജോലിക്കാര്യത്തേക്കാള്‍ കുടുംബകാര്യങ്ങളിലായിരിക്കും ശ്രദ്ധയെന്നും അവരെ നിയമിക്കരുതെന്നും ഫോക്‌സ്‌കോണില്‍ അലിഖിത നിയമമുണ്ടെന്നാണ് റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍. ചെന്നൈ, ശ്രീപെരുംപുത്തൂരിലെ ഇവരുടെ ഐഫോണ്‍ അസംബ്ലി പ്ലാന്റില്‍ നിന്നും അതിവിദഗ്ദമായാണ് വിവാഹിതകളെ ഒഴിവാക്കിയതെന്നും റോയിട്ടേഴ്‌സ് ആരോപിച്ചു.
അതേസമയം, 2022ലെ ചില നിയമനങ്ങളില്‍ ചെറിയ വീഴ്ചകളുണ്ടെന്നും അത് അപ്പോള്‍ തന്നെ പരിഹരിച്ചെന്നുമായിരുന്നു ഫോക്സ്‌കോണിന്റെയും ആപ്പിളിന്റെയും പ്രതികരണം. എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ നടന്നത് 2023-24 കാലഘട്ടത്തിലെന്നാണ് റോയിട്ടേഴ്സിന്റെ നിലപാട്.
ഇന്ത്യന്‍ നിയമം പറയുന്നത്
വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാത്തത് ഇന്ത്യയില്‍ കുറ്റകരമല്ല. എന്നാല്‍ തൊഴിലില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വിവേചനം പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണ്. എല്ലാവര്‍ക്കും തൊഴില്‍ നേടുന്നതിന് തുല്യ അവസരം നല്‍കണമെന്ന് സമാനമായ പല ഹര്‍ജികളിലും രാജ്യത്തെ ഉന്നത കോടതികള്‍ വിധിച്ചിട്ടുണ്ട്.
Tags:    

Similar News