ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

ജീവനക്കാരുടെ ക്ഷേമ നയങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഇ.വൈ മറുപടി നല്‍കണം

Update:2024-09-24 15:47 IST
കൺസൾട്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ (ഇ.വൈ) പൂനെ ഓഫീസിലെ ജീവനക്കാരിയായിരുന്ന 26 കാരിയായ അന്ന സെബാസ്റ്റ്യൻ തൊഴില്‍ സമ്മര്‍ദം മൂലം മരണപ്പെട്ടതായി മാതാവ് ആരോപിച്ചിരുന്നു. തൊഴില്‍ വകുപ്പ് അധികൃതർ ഓഫീസില്‍ പരിശോധന നടത്തുകയും ജീവനക്കാരുടെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു.
അന്നയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ക്ഷേമ നയങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്ന് ഇ.വൈ യോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ തൊഴിൽ അന്തരീക്ഷം തന്റെ മകളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിലാക്കിയെന്ന് കാണിച്ച് അന്നയുടെ മാതാവ് ഇ.വൈ ഇന്ത്യയുടെ ചെയർമാന് കത്ത് എഴുതിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് ശേഷം വലിയ ജന ശ്രദ്ധയാണ് സംഭവത്തിന് ലഭിച്ചത്.
സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രി ശോഭ കരന്ദ്‌ലാജെ കഴിഞ്ഞയാഴ്ച പറഞ്ഞത്.
അതേസമയം, കമ്പനിയിലെ എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യമാണ് കമ്പനി നല്‍കുന്നതെന്നും കുടുംബത്തിന്റെ കത്തിടപാടുകൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നുമാണ് ഇ.വൈ അധികൃതര്‍ വ്യക്തമാക്കിയത്.
Tags:    

Similar News