കാണാം; ഗ്രാമങ്ങളിലും ലംബോർഗിനി
നാലിലൊന്ന് കാറുകളുടെ മാർക്കറ്റ് ഗ്രാമങ്ങളിൽ
വിശ്വസിക്കാൻ പ്രയാസമാണ്, ഒരു കാലത്ത് മെട്രോ നഗരങ്ങളിലെ അതി സമ്പന്നർ മാത്രം ഉപയോഗിക്കുന്ന ആഡംബര വാഹനം ഇന്ന് ഗ്രാമങ്ങളിലെ വീടുകളിലെ കാർ ഷെഡ്ഡിലും കാണാം. സൂപ്പർ ആഡംബര ലംബോർഗിനി കാറുകളുടെ നാലിലൊന്ന് ഇപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ളവരാണ് വാങ്ങുന്നത്. 4 കോടി രൂപയിലധികം ഓൺറോഡ് വിലയുണ്ട് ഈ ആഡംബര കാറുകൾക്ക്.
ഉൾപ്രദേശങ്ങളിലും രാജ്യത്തെ ചെറിയ പട്ടണങ്ങളിലും ഇപ്പോൾ ഈ കാർ സുപരിചിതമായതായിട്ടാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ലുധിയാന, കാൺപൂർ, ഗുവാഹത്തി, സേലം, സൂററ്റ്, മധുര, ഇൻഡോർ പോലുള്ള പ്രദേശങ്ങളിലൊക്കെ ലംബോർഗിനിക്ക് ആവശ്യക്കാരേറുകയാണ്. ഒരിക്കൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സമ്പന്നർ മാത്രമായിരുന്നു ലംബോർഗിനി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഗ്രാമങ്ങളിലെ പുതിയ തലമുറയിലെ സംരംഭകരും, ബിസിനസ്സ് കുടുംബങ്ങളിൽ നിന്നുള്ളവരും അവരുടെ സ്റ്റാറ്റസ് കൂട്ടാനായി ആഡംബര ലംബോർഗിനികൾ വാങ്ങുന്നതായിട്ടാണ് റിപ്പോർട്ട്.
കഴിഞ്ഞ 5, 6 വർഷങ്ങളായിട്ടാണ് ഈ പ്രവണത കണ്ടു വരുന്നതെന്ന് ലംബോർഗിനിയുടെ മാർക്കറ്റിങ് വിഭാഗം പറയുന്നു. 2015-16-ൽ വരെ പ്രധാനമായും മെട്രോ നഗരങ്ങളിൽ മാത്രമായിരുന്നു കാർ വിൽപ്പന കേന്ദ്രീകരിച്ചിരുന്നത്. അന്ന് ചെറിയ നഗരങ്ങളിൽ സമ്പന്നർ കുറവായതിലാൽ ആവശ്യകത കുറവായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രവണത അടിമുടി മാറിയിരിക്കുന്നു.