ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 17

Update: 2019-01-17 04:55 GMT

1. യുഎസ് കമ്പനിയെ ബൈജൂസ്‌ ഏറ്റെടുത്തു

എഡ്യൂക്കേഷണൽ ഗേയ്മുകൾ നിർമിക്കുന്ന യുഎസ് കമ്പനിയായ ഓസ്‌മോയെ 120 മില്യൺ ഡോളറിന് ബൈജൂസ്‌ ഏറ്റെടുത്തു. ആദ്യമായാണ് ഒരു യുഎസ് കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്‌മോയുടെ ഫിസിക്കൽ-ടു-ഡിജിറ്റൽ ടെക്നോളജി മൂന്ന് മുതൽ എട്ട് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

2. തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം തള്ളി പാർലമെന്റ്

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാർലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകൾക്കാണു പ്രമേയം തള്ളിയത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ, പാർലമെന്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ (432 – 202) തള്ളിയിരുന്നു.

3. പുതിയ ഐറ്റി-ഫയലിംഗ് സംവിധാനം മന്ത്രിസഭ അംഗീകരിച്ചു

ആദായ നികുതി വകുപ്പിന്റെ പുതിയ ഇന്റഗ്രേറ്റഡ് ഇ-ഫയലിംഗ് സംവിധാനവും സെൻട്രലൈസ്ഡ് പ്രോസസ്സിംഗ് സെന്റർ 2.0 യും അടങ്ങുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 4,241.97 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇൻഫോസിസ് ആണ് പദ്ധതി നടപ്പാക്കുന്നത്.

4. വിദേശത്തുനിന്നും കടമെടുക്കൽ: ചട്ടങ്ങളിൽ ഇളവ് നൽകി ആർബിഐ

വിദേശത്തുനിന്നും കടമെടുക്കുന്നത് സംബന്ധിച്ച ചട്ടങ്ങളിൽ ആർബിഐ ഇളവ് വരുത്തി. ഇതോടെ കൂടുതൽ പേർക്ക് വിദേശത്തുനിന്ന് കടം മേടിക്കാനാകും. ഇത്തരത്തിൽ കടം മേടിക്കാൻ യോഗ്യതനേടിയ സ്ഥാപങ്ങൾ ഏതൊക്കെയായിരിക്കണമെന്ന നിർവചനത്തിൽ കേന്ദ്ര ബാങ്ക് മാറ്റം വരുത്തി. വിദേശ നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും വിദേശത്തു നിന്ന് പണം സ്വരൂപിക്കാം.

5. ഏഞ്ചൽ നിക്ഷേപങ്ങളിൽ നികുതിയിളവ് ഇനി എളുപ്പത്തിൽ നേടാം

ഏഞ്ചൽ നിക്ഷേപങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് നികുതിയിളവിന് അപേക്ഷ നൽകാനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കി. നിരവധി സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ഈയിടെ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 56(2) (viib) പ്രകാരമുള്ള നോട്ടീസ് ലഭിച്ചിരുന്നു. ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച ഫണ്ടിൻമേലാണ് നോട്ടീസ് ലഭിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകുന്ന നോട്ടിഫിക്കേഷൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു അംഗീകരിച്ചു. ഔദ്യോഗിക അറിയിപ്പ് ഇന്ന് പുറത്തിറക്കും.

Similar News