രത്തന്‍ ടാറ്റക്ക് പ്രണാമം; അനുസ്മരിച്ച് രാഷ്ട്രപതിയും കേരള മുഖ്യമന്ത്രിയും നാനാ തുറകളിലെ പ്രമുഖരും
ടാറ്റയുടെ അവസാനത്തെ പോസ്റ്റ് രണ്ടു ദിവസം മുമ്പു മാത്രം: ''എന്നെക്കുറിച്ച് ഓര്‍ത്തതിന് നന്ദി''
പ്രമുഖ വ്യവസായിയും തികഞ്ഞ മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ലോക നേതാക്കളുടെ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. 'എന്നെക്കുറിച്ച് ഓര്‍ത്തതിന് നന്ദി' എന്ന തലക്കെട്ടോടെ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സമൂഹ മാധ്യമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഏറ്റവും അവസാനം ജനങ്ങളുമായി സംവദിച്ചത്.
ഇന്ത്യ 90 കളുടെ ആദ്യം സാമ്പത്തിക ഉദാരവൽക്കരണം പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ പ്രമുഖ വ്യവസായ സാമ്രാജ്യത്തെ നയിക്കുക എന്ന നിയോഗം ടാറ്റാ ഗ്രൂപ്പ് ഏല്‍പ്പിച്ചത് രത്തന്‍ ടാറ്റയെയായിരുന്നു. 1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പിനെ നയിച്ച് ബ്രാൻഡിനെ ലോകോത്തരമാക്കുന്നതില്‍ രത്തന്‍ ടാറ്റ നിസ്തുലമായ പങ്കാണ് വഹിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വ്യവസായ പ്രമുഖര്‍, കലാ സാംസ്കാരിക രംഗത്തുളളവര്‍ തുടങ്ങി ആയിരക്കണക്കിന് പേരാണ് അനുശോചനങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുന്നത്.
വ്യവസായ ലോകത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രത്തന്‍ ടാറ്റ അമൂല്യ സംഭാവനകളാണ് നല്‍കിയതെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. മഹത്തായ ടാറ്റയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി, അതിന് കൂടുതൽ ശ്രദ്ധേയമായ ആഗോള സാന്നിധ്യം അദ്ദേഹം ഉറപ്പാക്കിയതായും മുര്‍മു പറഞ്ഞു.
ദീർഘവീക്ഷണമുള്ള വ്യവസായിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എളിമയും കരുണയും സാമൂഹിക പ്രതിബദ്ധതയും മൂലം അദ്ദേഹം ലോകമെമ്പാടുമുളള ജനങ്ങളുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായും മോദി പറഞ്ഞു.
അദ്ദേഹത്തിന്റെ മികവുറ്റ കാഴ്ചപ്പാടുകള്‍ മാതൃകാപരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും വലിയ നഷ്ടമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ കുലീനത തന്റെ ആദരവ് വർധിപ്പിച്ചതായും അംബാനി പറഞ്ഞു.
നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ അടുത്ത തലമുറയിലെ വ്യവസായ പ്രമുഖരെ ഉപദേശിക്കുന്നതിനുമുള്ള ടാറ്റയുടെ സമർപ്പണത്തെ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ പ്രശംസിച്ചു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ചരിത്രപരമായ കുതിച്ചുചാട്ടത്തിന്റെ നെറുകയിലെത്താന്‍ രത്തന്‍ ടാറ്റ മഹത്തരമായ സംഭാവനകളാണ് നല്‍കിയതെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞു.
തന്റെ ഹീറോയും ജീവിതത്തിലുടനീളം താൻ അനുകരിക്കാൻ ശ്രമിച്ച വ്യക്തിയുമാണ് രത്തൻ ടാറ്റയെന്ന് പ്രമുഖ നടന്‍ കമല്‍ഹാസന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ സമ്പത്ത് ഭൗതികമായല്ല മറിച്ച് ധാർമ്മികത, വിനയം, ദേശസ്നേഹം തുടങ്ങിയവയിലൂടെയാണ് പ്രകടമാകുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒഡിഷ മുന്‍മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ബിൽഗേറ്റ്‌സ് തുടങ്ങിയവരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.