ഫ്രാന്‍സില്‍ ഇനി 90 ശതമാനം നികുതിയോ? ഇടതു മുന്നേറ്റത്തിനൊപ്പം ആദായനികുതി വര്‍ധനവ് ചര്‍ച്ചയില്‍
ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ
ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കയ്യടക്കി ഇടതുപക്ഷ മുന്നണി. ഫ്രാന്‍സിനെ അമ്പരപ്പിച്ച തെരഞ്ഞെടുപ്പ് ഫലത്തില്‍ ആര്‍ക്കുമില്ല ഒറ്റക്ക് കേവല ഭൂരിപക്ഷം. ഇതോടെ ഏറ്റവും വലിയ മുന്നണിക്ക് പ്രധാനമന്ത്രി പദവും ഭരണത്തില്‍ നിര്‍ണായക സ്ഥാനവും ലഭിക്കാന്‍ വഴിയൊരുങ്ങി. പരാജയം സമ്മതിക്കാനും ഇടതുപക്ഷ നേതാവിനെ പ്രധാനമന്ത്രിയാക്കാനും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു മേല്‍ സമ്മര്‍ദം മുറുകുകയാണ്. ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച ഏതൊക്കെ അജണ്ടകള്‍ നടപ്പാക്കുമെന്ന വിഷയം ഇതിനൊപ്പം സജീവ ചര്‍ച്ചയിലേക്ക്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, തീവ്ര ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും ഗ്രീന്‍സും അടങ്ങുന്ന ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് (എന്‍.എഫ്.പി) 577 അംഗ സഭയില്‍ 181 സീറ്റുണ്ട്. ഇമ്മാനുവല്‍ മാക്രോണിന്റെ മുന്നണി കഴിഞ്ഞ തവണത്തെ 245ല്‍ നിന്ന് 156 സീറ്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 143 സീറ്റുമായി നാഷണല്‍ റാലി മൂന്നാമത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയില്‍ ഏറ്റവും വലിയ മുന്നണിയുടെ നേതാവിനെ പ്രധാനമന്ത്രിയായി വാഴിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ബാധ്യസ്ഥനാണ്. ഈ മാസം 26ന് പാരിസ് ഒളിമ്പിക്‌സ് തുടങ്ങാനിരിക്കേയാണ് ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധി.
അതിസമ്പന്നര്‍ക്ക് 90 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് എന്‍.എഫ്.പി തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന്. റിട്ടയര്‍മെന്റ് പ്രായം കുറക്കുക, നാണ്യപ്പെരുപ്പവുമായി ബന്ധിപ്പിച്ച് ശമ്പളം നല്‍കുക, സമ്പന്നര്‍ക്ക് സ്വത്ത് നികുതി ഏര്‍പ്പെടുത്തുക, കാര്‍ഷികനയം പരിഷ്‌കരിക്കുക, മിനിമം വേതനം ഉയര്‍ത്തുക തുടങ്ങിയവ പ്രഖ്യാപനങ്ങളുടെ ഭാഗം. അമ്പരപ്പിച്ച ഇടതുപക്ഷ വിജയത്തിനൊപ്പം, പുതിയ ഭരണം സ്വത്തില്‍ കൈവെക്കുമോ എന്ന ആശങ്കയില്‍ കൂടിയാണ് ഫ്രാന്‍സിലെ ഒരു വിഭാഗം. 90 ശതമാനം നികുതി എത്ര വരുമാനമുള്ളവര്‍ക്കാണെന്ന് നിശ്ചയിക്കേണ്ടതുണ്ട്. ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്തതു കൊണ്ട് എന്‍.പി.എഫിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ എത്രത്തോളം കഴിയുമെന്ന പ്രശ്‌നവുമുണ്ട്. 1,77,106 യൂറോയില്‍ (1.59 കോടിയോളം രൂപ) കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 45 ശതമാനമാണ് ഫ്രാന്‍സില്‍ നിലവിലെ നികുതി.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനൊപ്പം പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, എന്‍.എഫ്.പിയിലേക്കുള്ള അധികാര മാറ്റത്തിന്റെ കാര്യത്തില്‍, ചിത്രത്തിന് വ്യക്തത വരട്ടെയെന്ന നിലപാടിലാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മറ്റു സഖ്യസാധ്യതകള്‍ക്ക് വഴി തുറന്നിടുന്നതു കൂടിയാണിത്.