ഡിസംബറില്‍ 94% ശതമാനം വളര്‍ച്ചയോടെ എല്‍.ഐ.സി

നേട്ടം കൈവരിച്ചത് ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം ബിസിനസിലുണ്ടായ കുതിച്ചുചാട്ടത്തില്‍

Update:2024-01-12 16:08 IST

കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ ബിസിനസില്‍ 2023 ഡിസംബറില്‍ 94 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം ബിസിനസിലുണ്ടായ 194 ശതമാനം കുതിച്ചുചാട്ടമാണ് നേട്ടത്തിലേക്ക് നയിച്ചത്. എല്‍.ഐ.സിയുടെ മൊത്തം പ്രീമിയം മുന്‍ വര്‍ഷം ഡിസംബറിലെ 11,859 കോടി രൂപയില്‍ നിന്ന് 22,981 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം മുന്‍ വര്‍ഷം ഡിസംബറിലെ 5,966 കോടി രൂപയില്‍ നിന്ന് 17,601 കോടി രൂപയായി ഉയര്‍ന്നു.

എല്‍.ഐ.സിയുടെ ഗ്രൂപ്പ് ബിസിനസ് വളര്‍ച്ച ഡിസംബറിലെ പ്രീമിയത്തില്‍ 43 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ സഹായിച്ചു. ഇത് 2022 ഡിസംബറിലെ 26,838 കോടി രൂപയില്‍ നിന്ന് 38,583 കോടി രൂപയായി. എല്‍.ഐ.സിയില്‍ നിന്നുള്ള ഉയര്‍ന്ന പ്രീമിയം വരുമാനം ഡിസംബറിലെ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി. 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ചേര്‍ന്ന് മൊത്തം 2.50 ലക്ഷം കോടി രൂപ പ്രീമിയം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.69 കോടി കോടി രൂപയായിരുന്നു.

Tags:    

Similar News