ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് എല്‍.ഐ.സി
എല്‍.ഐ.സി പങ്കാളിത്തം വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികളെ കാര്യമായി തുണച്ചില്ല
പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഓഹരിപങ്കാളിത്തം 4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനമായി ഉയര്‍ത്തി. പുതുതായി എല്‍.ഐ.സി സ്വന്തമാക്കിയത് 25.96 കോടി ഓഹരികളാണ്. ഒരു ഓഹരിക്ക് 57.36 രൂപ വീതം നല്‍കിയാണ് എല്‍.ഐ.സി സ്വന്തമാക്കിയത്.
യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴിയാണ് എല്‍.ഐ.സി ഓഹരികള്‍ വാങ്ങിയത്. പൊതുമേഖല സ്ഥാപനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ കേന്ദ്രസര്‍ക്കാരിന് 86.46 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്.
ഓഹരികളില്‍ ഇടിവ്
എല്‍.ഐ.സി പങ്കാളിത്തം വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികളെ കാര്യമായി തുണച്ചില്ല. ഇന്ന് രാവിലെ 57.66 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി 2.55 ശതമാനം ഇടിഞ്ഞാണ് മുന്നോട്ടു പോകുന്നത്. വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ക്ക് നേരിടുന്ന തിരിച്ചടി തന്നെയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയയെയും ബാധിച്ചത്. എല്‍.ഐ.സി ഓഹരികളും ഇടിവിലാണ്. ഇന്ന് രാവിലെ 4.53 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ജൂണില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വരുമാനം 5,875 കോടി രൂപയായി ഉയര്‍ന്നിരുന്നു. ലാഭം തൊട്ടു മുന്‍പാദത്തേക്കാള്‍ അഞ്ചു കോടി രൂപ കുറഞ്ഞ് 1,295 കോടി രൂപയായി. എല്‍.ഐ.സിയുടെ ലാഭത്തില്‍ ജൂണ്‍ പാദത്തില്‍ വലിയ കുറവുണ്ടായി. തൊട്ടു മുന്‍പാദത്തെ 13,784 കോടിയില്‍ നിന്ന് 10,527 കോടി രൂപയായിട്ടാണ് താഴ്ന്നത്.