ആരും അന്വേഷിച്ചു വരുന്നില്ല, എല്‍ഐസിയുടെ പക്കലുള്ളത് 3726 കോടി രൂപ

അവകാശികളില്ലാത്ത പോളിസി തുകകള്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുന്നത്

Update:2024-12-17 16:04 IST
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോളിസി ഉടമകള്‍ അന്വേഷിച്ചു വരാതെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി) പക്കലുള്ളത് 3726.8 കോടി രൂപ. കാലാവധി പൂര്‍ത്തിയായ പോളിസികളില്‍ നിന്ന് ഉടമകള്‍ കൈപ്പറ്റാനുള്ളതാണ് ഇത്രയും തുക. 3,72,282 പോളിസികളിലാണ് ഇത്തരത്തില്‍ അവകാശികള്‍ വരാത്തത്.
189 പോളിസി ഉടമകള്‍ മരണപ്പെട്ടിട്ടും ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാത്ത ഇനത്തില്‍ 3.64 കോടി രൂപയുമുണ്ട്. കാലാവധി കഴിഞ്ഞ പോളിസികളെക്കുറിച്ചും ലഭിക്കാനുള്ള തുകയെക്കുറിച്ചും അറിയാന്‍ എല്‍.ഐ.സി വെബ്‌സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.licindia.in എന്ന വെബ്‌സൈറ്റില്‍ അവകാശികളില്ലാത്ത പോളിസികളുടെ പട്ടിക ലഭ്യമാണ്.

പോളിസി തുകകള്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക്

അവകാശികളില്ലാത്ത പോളിസി തുകകള്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ മാറ്റുന്ന തുക അവകാശികള്‍ എത്തിയാല്‍ നല്‍കാറുണ്ട്. ഇതിന് കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ഇത്തരത്തില്‍ പോളിസി കാലാവധി അവസാനിച്ച് 25 വര്‍ഷം വരെ പോളിസി ഉടമയ്‌ക്കോ നോമിനിക്കോ തുകയില്‍ അവകാശം ഉന്നയിക്കാം.
കാലാവധി തികഞ്ഞ പോളിസികളില്‍ ഉടമകളോ നോമിനികളോ അവകാശമുന്നയിക്കാത്ത കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കത്തുകള്‍, എസ്എംഎസ് എന്നിവ വഴി അറിയിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tags:    

Similar News