യാത്രാ നിയന്ത്രണം എടുത്തുകളഞ്ഞു, ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി ; വിശദാംശങ്ങള്‍

Update: 2020-05-30 14:07 GMT

കോവിഡ് വ്യാപനം തടയുന്നതിനായുള്ള രാജ്യവ്യാപക ലോക് ഡൗണിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജൂണ്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടി വച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയായിട്ടില്ല.

കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ അല്ലാത്തവ ഘട്ടം ഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടുമുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. പൊതുസ്ഥലങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടന്‍ പ്രസിദ്ധീകരിക്കും.

രണ്ടാം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച തീരുമാനം. സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സ്വിമ്മിംഗ് പൂളുകളും പാര്‍ക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ കോവിഡ് വ്യാപനനത്തിന്റെ സ്ഥിതി കണക്കിലെടുത്തു മാത്രം അനുവാദം നല്‍കും.

യാത്രാ നിയന്ത്രണം എടുത്തുകളഞ്ഞു

സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. വ്യക്തികള്‍ക്കും ചരക്കു കടത്തിനും ഇനി സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണമുണ്ടാകില്ല. രാത്രി കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കുറച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇനി രാത്രി ഒമ്പത് മണി മുതലായിരിക്കും തുടങ്ങുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News