സംസ്ഥാനത്ത് ലോക്ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ അറിയാം

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം. വിവാഹം, മരണം, രോഗീ സന്ദര്‍ശനം എന്നിവയ്ക്ക് ജില്ലവിട്ടുള്ള യാത്ര അനുവദിക്കും. ഹോട്ടലുകള്‍ക്ക് 7.30 വരെ പാഴ്‌സല്‍ സര്‍വീസ് നടത്താം. പുതുക്കിയ നിയന്ത്രണങ്ങള്‍ വിശദമായി വായിക്കാം.

Update:2021-05-08 10:41 IST

സംസ്ഥാനത്ത് ഇന്നു മുതല്‍ ഒമ്പത് ദിവസത്തേക്ക് തീരുമാനിച്ച ലോക്ഡൗണ്‍ തുടങ്ങി. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. അതിനും പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ സത്യവാംഗ്മൂലം കരുതണം.

രോഗിയെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റല്‍, ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.

മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വംവഹിക്കേണ്ട പുരോഹിതന്മാര്‍ക്കും സഞ്ചരിക്കാം. സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശം കരുതണം. നേരത്തെ അറിയിച്ചത് പോലെ ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കും.

സെബി നോട്ടിഫിക്കേഷനുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. അത്യാവശ്യങ്ങള്‍ക്ക് മാത്രം ബ്രാഞ്ച് സന്ദര്‍ശിക്കാവൂ.

ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്‌സല്‍ നല്‍കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. പെട്രോനെറ്റ് എല്‍എന്‍ജി, വിസ കോണ്‍സുലാര്‍ സര്‍വീസുകള്‍, റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ്, കസ്റ്റംസ്, ഇ.എസ്.ഐ എന്നിവയെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ക്ഷീര വികസന വകുപ്പ് നോര്‍ക്ക എന്നിവയേയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News