ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണം, ചെയ്യാൻ പാടില്ല, അനൂപ് നൽകുന്ന പാഠങ്ങൾ
പേരും മറ്റ് വിവരങ്ങളും പരസ്യമാക്കുന്നത് ദോഷം ചെയ്യും, പണം എങ്ങനെ വിനിയോഗിക്കണമെന്ന് പഠിക്കാം
കേരള ലോട്ടറിയുടെ ഓണം ബംപർ 25 കോടി രൂപ അടിച്ച കെ അനൂപ് ഫല പ്രഖ്യാപനം വന്ന ദിവസം മുതൽ വാർത്തകളിൽ നിറഞ്ഞ നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്ത് അദ്ദേഹത്തിന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സഹായം ചോദിച്ച് നിരവധി ആളുകൾ അദ്ദേഹം ചെല്ലുന്ന ഇടത്തെല്ലാം എത്തുന്നു. ഈ ദുരവസ്ഥ പങ്കുവെച്ചുകൊണ്ട് പനിയും ചുമയുമുള്ള മകനെ ആശുപത്രിയിൽ എത്തിക്കാനും കഴിയുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ലോട്ടറിയിലൂടെ വൻ തുക ലഭിക്കുന്നവർക്ക് അനൂപിൽ നിന്ന് എന്തൊക്കെ പാഠങ്ങൾ പഠിക്കാം? എന്ത് ചെയ്യണം, എന്ത് ചെയ്യാൻ പാടില്ല?
1. ലോട്ടറി സമ്മാനം നിങ്ങൾക്കാണെന്ന് ഉറപ്പായാൽ ടിക്കറ്റും, ആവശ്യമായ രേഖകളും ഫല പ്രഖ്യാപനം വന്ന് 30 ദിവസത്തിനുള്ളിൽ ഡയറക്റ്റർ ഓഫ് സ്റ്റേറ്റ് ലോട്ടറീസിന് സമർപ്പിക്കണം. (പാൻ കാർഡ് കൂടാതെ , തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസെൻസ്, പാസ്പോർട്ട്, വോട്ടർ ഐ ഡി എന്നിവയുടെ പകർപ്പ് സ്വന്തമായി അറ്റസ്റ്റ് ചെയ്ത് ക്ലെയിം അപേക്ഷയോടൊപ്പം നൽകണം. .(വിശദ വിവരങ്ങൾക്ക് -http://www.keralalotteries.com/index.php/quick-view/prize-claim).
2. വലിയ തുക ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നതിനാൽ നികുതി ബാധ്യതകൾ മനസിലാക്കി അതിനുള്ള പണം മാറ്റിവെക്കണം.
3. പണം എങ്ങനെ വിനിയോഗിക്കണം എന്ന് വിദഗ്ദ്ധരുമായി ചർച്ച ചെയ്യണം. എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കും അല്ലെങ്കിൽ എന്ത് ബിസിനസ് സംരംഭം ആരംഭിക്കാം എന്നതിന് മുൻഗണന നൽകണം.
4 അടിയന്തരമായിട്ടുള്ള എല്ലാ കടങ്ങളുടെ തിരിച്ചടവിന് തുക വിനിയോഗിക്കാം.
5. ഉടൻ ഉപയോഗിക്കാത്ത തുക സ്ഥിര നിക്ഷേപമായി സുരക്ഷിതവും ആദായം കൂടുതൽ ലഭിക്കുന്ന പദ്ധതിയിൽ നിക്ഷേപിക്കണം.
6. ലോട്ടറി അടിച്ച വിവരം രഹസ്യമായി സൂക്ഷിക്കുക. മാധ്യമങ്ങളിൽ കൂടി പ്രചാരം ലഭിക്കുന്നതോടെ കൂടുതൽ ജനങ്ങൾ സഹായ അഭ്യർത്ഥനയുമായി എത്തും.
7. എല്ലാവരെയും സഹായിക്കാൻ കഴിയാത്തതിനാൽ കൂടുതൽ ശത്രുക്കൾ ഉണ്ടാകും. അതിനാൽ പബ്ലിസിറ്റിക്ക് പോകാത്തതാണ് ഉത്തമം.
8. ലോട്ടറി അടിച്ചതറിഞ്ഞ് ചങ്ങാത്തം കൂടാൻ വരുന്നവരെ അകറ്റി നിർത്തുക.
9. ലോട്ടറി ഏജൻസിയോടും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പറയുക.