കേരളത്തെ താങ്ങി നിര്‍ത്തുന്ന ലോട്ടറി; 20 ലക്ഷത്തില്‍ നിന്ന് 10000 കോടിയുടെ വരുമാനത്തിലേക്കുള്ള യാത്ര

സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഇതര വരുമാനത്തില്‍ 81.32 ശതമാനവും സംഭാവന ചെയ്യുന്നത് ഭാഗ്യക്കുറി വകുപ്പാണ്

Update:2022-09-19 16:50 IST
Photo : Kerala Lottery / Website

ഇന്ത്യയില്‍ ആദ്യമായി ലോട്ടറി നടത്തിപ്പിനായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ച സംസ്ഥാനമാണ് കേരളം. 1968ലെ റിപ്പബ്ലിക്ക് ദിനത്തില്‍ നറുക്കെടുപ്പ് നടത്തിയ കേരള സര്‍ക്കാരിന്റെ ആദ്യ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം 50,000 രൂപ ആയിരുന്നു. ടിക്കറ്റ് വിലയാകട്ടെ ഒരു രൂപയും. ധനകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി വകുപ്പ്, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാധ്യതയാവാത്ത ചുരുക്കും ചില സംരംഭങ്ങളില്‍ ഒന്നാണ്.

വരുമാനവും ലാഭവും ഉയരുന്നു

1967-68 കാലയളവില്‍ 20 ലക്ഷം രൂപയുടെ ലോട്ടറിയാണ് സര്‍ക്കാര്‍ വിറ്റത്. അന്ന് 14 ലക്ഷം രൂപയായിരുന്നു ലോട്ടറിക്കച്ചവടത്തില്‍ നിന്നുള്ള ലാഭം. 10 വര്‍ഷത്തിന് ഇപ്പുറം 1976-77 ആയപ്പോഴേക്കും വരുമാനം 1.96 കോടി രൂപയായി ഉയര്‍ന്ന് 2.16 കോടിയിലെത്തി. ലാഭം 92 ലക്ഷം രൂപയായി. തൊട്ടടുത്ത വര്‍ഷം (1977-78ല്‍) സംസ്ഥാന സര്‍ക്കാരിന്റെ ലാഭം ആദ്യമായി ഒരു കോടി രൂപ (1.30 കോടി) കടന്നു.

കേരളം ആദ്യമായി 100 കോടി രൂപയ്ക്കും മുകളില്‍ ലോട്ടറി വില്‍ക്കുന്നത് 1996-97 കാലഘട്ടത്തിലാണ്. 106.74 കോടി രൂപയ്ക്ക് ലോട്ടറി വിറ്റപ്പോള്‍ ലാഭം അന്ന് 13.41 കോടി രൂപയിലെത്തി. ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനം 200 കോടി കവിയുന്നത് 2006-07 സാമ്പത്തിക വര്‍ഷമാണ്. 237.19 കോടി രൂപ വരുമാനം നേടിയ ലോട്ടറി വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ആദ്യമായി 50 കോടിക്ക് മുകളില്‍ ( 55.65 കോടി രൂപ) ലാഭവും നേടിക്കൊടുത്തു. 2008-09ല്‍ ലാഭം 100 കോടി കടന്നു.

2011-12ല്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുതിച്ചുയരുന്നത്. ഒരു വര്‍ഷം കൊണ്ട് വില്‍പ്പന 729.69 കോടിരൂപ വര്‍ധിച്ച് 1287.08 കോടിയിലെത്തി. 394.87 കോടി രൂപയായിരുന്നു വരുമാനം. പിന്നീട് തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയ ലോട്ടറി വില്‍പ്പനയും അതില്‍ നിന്നുണ്ടായ ലഭാവും ആദ്യമായി ഇടിഞ്ഞത് കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിലാണ്. 2020-21ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 5,061.45 കോടിയുടെ ഇടിവാണ് ഉണ്ടായത്. ലാഭ വിഹിതത്തില്‍ 1290.99 കോടി രൂപയുടെ ഇടിവുണ്ടായി. യഥാക്രമം 4911.52 കോടി, 472.70 കോടി എന്നിങ്ങനെയായിരുന്നു ഇക്കാലയളവിലെ ആകെ വരുമാനവും ലാഭവും.

2016-22 വരെയുള്ള ആറുവര്‍ഷത്തെ കാലയളവില്‍ 56,236.6 കോടി രൂപയാണ് ലോട്ടറിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. സമ്മാനത്തുക കുറച്ചും നികുതി തുക കൂട്ടിച്ചേര്‍ത്തുമുള്ള കണക്കാണിത്. ലോട്ടറി വില്‍പ്പനയിലൂടെ 47,719.31 കോടി രൂപയും നികുതി ഇനത്തില്‍ 8,517.27 കോടി രൂപയും ആണ് ഇക്കാലയളവില്‍ ലഭിച്ചത്. അവകാശികളില്ലാത്ത ടിക്കറ്റുകളിലൂടെ 291 കോടി രൂപയും ഖജനാവിലെത്തി.

ബംബറെന്ന ജാക്ക്‌പോട്ടും ജനപ്രീതിയും

ഇന്നലെ ഏതാനും മണിക്കൂര്‍ കൊണ്ട് കേരളം മുഴുവന്‍ വൈറലായ ഒരു വ്യക്തിയുണ്ട്. തിരുവനന്തപുരം സ്വധേശിയും ഓട്ടോഡ്രൈവറുമായ അനൂപ്. 25 കോടിയുടെ റെക്കോര്‍ഡ് സമ്മാനത്തുകയുമായി എത്തിയ ഓണം ബംബര്‍ അടിച്ചത് അനൂപിനാണ്. നികുതികള്‍ കിഴിച്ച് 15.75 കോടി രൂപയാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണ് ഓണം ബംബറിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. 66.5 ലക്ഷം ടിക്കറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പന നേടിയ സര്‍ക്കാരിന് 200 കോടിയോളമാണ് ലാഭം. ഓണം ബംബറിന് ലഭിച്ച സ്വീകാര്യത പരിഗണിച്ച് പൂജ ബംബറിന്റെ സമ്മാനത്തുകയും സര്‍ക്കാര്‍ ഉയര്‍ത്തി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് കോടിയായിരുന്നു.

2020ലെ സാമ്പത്തിക സര്‍വ്വെയിലെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് 90 ലക്ഷം രൂപയുടെ ലോട്ടറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഇതര വരുമാനത്തില്‍ 81.32 ശതമാനവും സംഭാവന ചെയ്യുന്നത് ഭാഗ്യക്കുറി വകുപ്പാണ്. ഏകദേശം 2 ലക്ഷത്തിനും മുകളിലാണ് സംസ്ഥാനത്ത് ലോട്ടറി മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം. ദിനംപ്രതി നടുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ഓണം, ക്രിസ്മസ്, വിഷു,പൂജ, മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്.

പൂജ ബംബറിന് ശേഷം മറ്റ് ബംബര്‍ ടിക്കറ്റുകളുടെയും  സമ്മാനത്തുക, വില എന്നിവ സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. വില്‍പ്പന ഉയരുന്നതോടെ കോവിഡിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടം ഈ വര്‍ഷം സര്‍ക്കാരിന് നികത്താനായേക്കും. അങ്ങനെയാണെങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷം ചരിത്രത്തില്‍ ആദ്യമായി ലോട്ടറി വില്‍പ്പന 10000 കോടി രൂപയ്ക്ക് മുകളിലെത്തും. 2019-20 കാലയളവില്‍ നേടിയ 9972.97 കോടി രൂപയുടെ വില്‍പ്പനയ്ക്കാണ് നിലവിലെ റെക്കോര്‍ഡ്.

Tags:    

Similar News