എല്‍.പി.ജി മസ്റ്ററിങ്ങിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്
ഓണ്‍ലൈനായി നിസാര സമയത്തില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്
എല്‍.പി.ജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന നിര്‍ദേശം ഉപയോക്താക്കളില്‍ വലിയ ആശങ്കയ്ക്കും പരിഭ്രാന്തിക്കും ഇടവരുത്തിയിരുന്നു. മസ്റ്ററിംഗ് നടത്താനായി തിരക്കു കൂട്ടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കിലും ഗ്യാസ് കണക്ഷന്‍ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എല്‍.പി.ജി മസ്റ്ററിംഗിന് തയാറെടുക്കുംമുമ്പ് ചില സുപ്രധാന കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. അതിലേറ്റവും പ്രധാനപ്പെട്ടത് ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ ഓണ്‍ലൈനായി മസ്റ്ററിംഗ് നടത്താമെന്നതാണ്. പലരും ഇത്തരമൊരു സൗകര്യം ഉപയോഗപ്പെടുത്താന്‍ മടിക്കുകയാണ്.
ഉടമ മരിച്ചെങ്കില്‍ എന്തു ചെയ്യും?
പലരെയും അലട്ടുന്ന പ്രശ്‌നമാണ് എല്‍.പി.ജി കണക്ഷന്റെ ഉടമ മരിച്ചാല്‍ എന്തു ചെയ്യണമെന്നത്. ഉടമ മരിച്ചാല്‍ കണക്ഷന്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റാം. ഇതിനായി രേഖകള്‍ ഏജന്‍സിയില്‍ സമര്‍പ്പിച്ചാല്‍ മതി. ഗ്യാസ് ഏജന്‍സികള്‍ വഴിയാണ് കണക്ഷന്‍ മാറ്റേണ്ടത്. ഇതിനായി പ്രത്യേക ഫീസില്ല.
ഓണ്‍ലൈനായി നിസാര സമയത്തില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ്, ഹലോ ബി.പി.സി.എല്‍, എച്ച്പി പേ എന്നിവ വഴി ഓണ്‍ലൈനായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം. ആധാറുമായി ബന്ധപ്പെടുത്തിയിരുന്ന ഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം ഏജന്‍സിയില്‍ അറിയിച്ച് നമ്പര്‍ മാറ്റാവുന്നതാണ്.
ഗ്യാസ് ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് എല്‍.പി.ജി-ആധാര്‍ മസ്റ്ററിങ് നടത്തുന്നത്. സബ്സിഡിയുള്ള സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ഈ നടപടി സഹായിക്കും.
ഉപയോക്താക്കള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിന് എണ്ണ വിപണന കമ്പനികളോ കേന്ദ്ര സര്‍ക്കാരോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.