സര്‍ക്കാര്‍ തീരുമാനം ചതിച്ചു; മെട്രോ റെയിലിനെ കൈവിട്ട് സ്ത്രീ യാത്രക്കാര്‍, പിന്മാറാന്‍ എല്‍ആന്‍ഡ്ടി!
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ കാരണം പഠിച്ചപ്പോഴാണ് സര്‍ക്കാരാണ് പണിതന്നതെന്ന് അധികൃതര്‍ മനസിലാക്കിയത്
രാജ്യത്തുള്ള മെട്രോ റെയിലുകളിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുമ്പോള്‍ ഹൈദരാബാദ് മെട്രോയില്‍ മാത്രം ആളുകുറയുന്നു. ഇതിന് കാരണമാകട്ടെ തെലങ്കാന സര്‍ക്കാരിന്റെ ഫ്രീ നയവും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ഹൈദരാബാദ് മെട്രൊയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുകയാണ് എല്‍ആന്‍ഡ്ടി.
തെലങ്കാന സര്‍ക്കാരിന് 10 ശതമാനവും ബാക്കി 90 ശതമാനം ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോയ്ക്കുമാണ് ഹൈദരാബാദ് മെട്രൊയിലെ പങ്കാളിത്തം. 2026നുശേഷം തങ്ങളുടെ വിഹിതം വിറ്റൊഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മെട്രൊയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു.
ദിവസവും 4 ലക്ഷത്തിലധികം പേര്‍ ഹൈദരാബാദ് മെട്രൊ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 4.44 ലക്ഷം പേര്‍ ദിനംപ്രതി മെട്രൊയില്‍ യാത്ര ചെയ്തിരുന്നു. ഇത്തവണ ഇത് 4.41 ലക്ഷമായി കുറഞ്ഞു. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തുന്നതിന്റെ കാരണം പഠിച്ചപ്പോഴാണ് സര്‍ക്കാരിന്റെ സൗജന്യമാണ് പണിതന്നതെന്ന് അധികൃതര്‍ മനസിലാക്കിയത്.
തിരിച്ചടിച്ചത് മഹാലക്ഷ്മി പദ്ധതി
തെലങ്കാനയില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചതിലൊന്ന് മഹാലക്ഷ്മി പദ്ധതിയായിരുന്നു. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നോണ്‍ എ.സി ബസുകളില്‍ സൗജന്യ യാത്രയായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ഈ പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെ മെട്രൊയില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ ബസുകളിലേക്ക് മാറി. ഇത് മെട്രോയുടെ വരുമാനത്തെ ബാധിച്ചു.
സൗജന്യ ബസിലേക്ക് സ്ത്രീയാത്രക്കാര്‍ കൂടുതലായി മാറുന്നതോടെ മെട്രൊ യാത്രക്കാരില്‍ ഇനിയും കുറവുവരുമെന്നാണ് കണക്കുകൂട്ടല്‍. മെട്രൊയില്‍ ശരാശരി 35 രൂപയെങ്കിലും ടിക്കറ്റിനായി മുടക്കേണ്ടി വരും. ഇതും ആളുകളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം, സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ തള്ളിക്കയറ്റം വന്നതോടെ പുരുഷന്മാരായ യാത്രക്കാര്‍ കൂടുതലായി മെട്രൊ പോലുള്ള സംവിധാനങ്ങളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദ് മെട്രൊ നിലവില്‍ 72 കിലോമീറ്ററിലാണ് സര്‍വീസ് നടത്തുന്നത്. 66 സ്‌റ്റേഷനുകളും നിലവിലുണ്ട്.