മധ്യകേരളത്തിന്റെ തലവര മാറ്റുമോ യൂസഫലിയുടെ 3.22 ലക്ഷം ചതുരശ്രയടി പദ്ധതി; 500 പേരുടെ ഫുഡ് കോര്‍ട്ട് മുതല്‍ ഫണ്‍ട്യൂറ വരെ
അടുത്ത ആറുമാസത്തിനുള്ളില്‍ സുപ്രധാന പദ്ധതികളാണ് ലുലുഗ്രൂപ്പില്‍ നിന്ന് വരുന്നത്
കേരളത്തിലെ രണ്ടാംനിര സിറ്റികളിലേക്ക് വളര്‍ന്നു പന്തലിക്കാനുള്ള നീക്കങ്ങളാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് നടത്തുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മാളുകളുമായെത്തിയ ലുലുഗ്രൂപ്പ് പുതുതായി രംഗപ്രവേശനം ചെയ്യുന്നത് കോട്ടയത്താണ്. കേരളത്തിലെ അഞ്ചാമത്തെ മാളായിട്ടാണ് കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ എത്തുന്നത്. ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം ആദ്യം ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്.
ആഗോള ബ്രാന്‍ഡുകള്‍ കോട്ടയത്തേക്ക്
രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്രയടിയിലാണ് കോട്ടയം ലുലു ഒരുങ്ങുന്നത്. ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ് ഫുഡ് കോര്‍ട്ട്. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യമുള്ളതിനാല്‍ 1,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. താഴത്തെ നിലയിലാകും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയ്‌ക്കൊപ്പം മക്‌ഡൊണാള്‍സ്, കെ.എഫ്.സി, ലൂയി ഫിലിപ്പ്, കോസ്റ്റ കോഫീ, അമൂല്‍ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകളും ഉണ്ടാകും.
ടൂറിസത്തിന് ഗുണകരം
കോട്ടയത്തിന്റെ ടൂറിസം വികസനത്തിന് ലുലുമാളിന്റെ വരവ് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കുമരകത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ സഞ്ചാരികള്‍ അടക്കമുള്ള വിദേശികളെയും മാളിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുളളവര്‍ക്ക് എത്താന്‍ കഴിയുന്ന ഇടത്താണ് മാള്‍. സമീപ പ്രദേശങ്ങളുടെ വികസനത്തിന് ലുലുവിന്റെ വരവ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
കേരളത്തില്‍ ലുലുവിന്റെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് വരുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലുമാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ലുലുമാള്‍ ഉയരും.
രാജ്യത്തെ ഏറ്റവും വലിയ മാള്‍ അഹമ്മദാബാദില്‍ പണിയുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം.എ യൂസഫലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 4,000 കോടി ചെലവിലായിരിക്കും പുതിയ മാള്‍ ഒരുങ്ങുക. ജി.സി.സി രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളുമാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.